മൂവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തള്ളി മഹല്ല് കമ്മിറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റിയെന്നും പ്രതിഷേധം അനവസരത്തിലായെന്നുമാണ് മഹല്ല് കമ്മിറ്റി പറഞ്ഞത്. ഇന്നലെ യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തള്ളിയിരുന്നു. ജൂലൈ 26നാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്.
കോളേജ് മാനേജ്‌മെന്റുമായി പ്രദേശത്തെ രണ്ട് മഹല്ല് കമ്മിറ്റികളിലെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഒരു ചർച്ചയല്ലായിരുന്നുവെന്നും തീരുമാനത്തെ പിന്തുണച്ചാണ് പ്രതിനിധികള്‍ കോളേജിലെത്തിയതെന്നും കോളേജ് പ്രിൻസിപ്പാൾ വ്യക്തമാക്കി.
അതേസമയം ക്യാമ്പസിനുള്ളില്‍ മതസ്പര്‍ധയുണ്ടാക്കരുതെന്നും പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കില്ലെന്നും കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനം കോളേജ് അധികൃതര്‍ പരിശോധിച്ചിരുന്നു. നിവേദനത്തിലെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കോളേജ് സ്വീകരിക്കുന്നതെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
ഇതുസംബന്ധിച്ച് തെറ്റായ പ്രചരണങ്ങള്‍ ഉണ്ടാകരുതെന്നും പ്രിൻസിപ്പാൾ പറഞ്ഞു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ നിര്‍മല കോളേജിലെ കുട്ടികളെന്ന നിലയിലാണ് കാണുന്നത്. പ്രത്യേകം ഒരു വിഭാഗത്തില്‍ പെട്ട കുട്ടികളായല്ല അവരെ പരിഗണിക്കുന്നതെന്നും പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞു. ഈ ഒരു വിഷയത്തെ ജാഗ്രതയോടെ സൗഹാര്‍ദപരമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനുപുറമെ കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ നീക്കമെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് പി.എസ്.എ. ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍മല കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രസംഗം യാഥാര്‍ത്ഥ്യ ബോധത്തിന് നിരാകാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പ്രതിഷേധത്തെ തള്ളിയത്. പൊതുസമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന ഇത്തരം സമരങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിട്ടുനില്‍ക്കണമെന്നും പ്രബുദ്ധതയോട് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടതെന്നും യൂത്ത് ലീഗ് പറഞ്ഞു.
കോളേജിലെ പ്രതിഷേധത്തിന് പിന്നാലെ എസ്.എഫ്.ഐ-എം.എസ്.എഫ് സഖ്യമാണ് വിവാദമുണ്ടാക്കിയതെന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ സമരത്തിന് എസ.എഫ്.ഐ നേതൃത്വം നല്‍കിയിട്ടില്ല വിദ്യാര്‍ത്ഥി സംഘടന ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. വിവാദം എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെക്കരുതെന്നും നേതൃത്വം വ്യക്തമാക്കി.
Content Highlight: The Mahal Committee rejected the protest of the students of Nirmala College