| Friday, 13th December 2024, 2:03 pm

വെനസ്വേലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അറസ്റ്റിലായവരെ മോചിപ്പിച്ച് മഡുറോ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാരക്കാസ്: വെനസ്വേലന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ച് മഡുറോ സര്‍ക്കാര്‍. അറസ്റ്റിലായ 103 പേരെയാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്.

72 മണിക്കൂറിനിടെയാണ് 103 തടവുകാര്‍ക്ക് സര്‍ക്കാര്‍ മോചനം നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ നീണ്ടുനിന്ന നടപടിക്രമമായിരുന്നു ഇത്.

നവംബര്‍ 26ന് തടവുകാരുടെ മോചനത്തിനായുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തടവിലാക്കപ്പെട്ടവരെ മോചിപ്പിച്ചതെന്ന് മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പ്രസ്താവനയില്‍ പറഞ്ഞു.

വെനസ്വേലന്‍ തെരഞ്ഞെടുപ്പിനിടെ രാജ്യത്തെ സുരക്ഷാ സേനയും പ്രതിപക്ഷ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റിലായവർക്കാണ് ഇപ്പോൾ മോചനം ലഭിച്ചിരിക്കുന്നത്.

പ്രസ്തുത മുന്‍കരുതല്‍ നടപടി മറ്റു തടവുകാരായ 225 പേരുടെ മോചനം കൂടി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവരെ മാസത്തില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം വെനസ്വേലയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഡുറോയുടെ വിജയം പ്രഖ്യാപിച്ചതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്.

ഷാല്‍വേഴ്‌സിന്റെ കാലഘട്ടം മുതല്‍ക്കേ അമേരിക്ക വെനസ്വേലന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി വിജയിച്ച മഡുറോയെ യു.എസ് തള്ളുകയായിരുന്നു. തുടര്‍ന്ന് വെനസ്വേലയുടെ ‘തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി’ എഡ്മഡ് ഗോണ്‍സാലസിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായ ആന്റണി ബ്ലിങ്കനാണ് ജൂലായില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗോണ്‍സാലസ് വിജയിച്ചതായി അറിയിച്ചത്. ജൂലൈ 28ന് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയത് ഗോണ്‍സാലസ് ആണെന്ന് ബൈഡന്‍ ഭരണകൂടം ഒന്നിലധികം തവണ അഭിപ്രായപ്പെട്ടിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്റെ രാഷ്ട്രീയ അധികാരം എതിരാളിക്ക് കൈമാറിയാല്‍ അമേരിക്ക, മഡുറോയ്ക്ക് മേല്‍ ചുമത്തിയ കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കാമെന്ന് യു.എസ് മഡുറോയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ യു.എസില്‍ മഡുറോയ്‌ക്കെതിരെ നാര്‍ക്കോ-ടെററിസം കേസുകള്‍ നിലവിലുണ്ട്.

2020ല്‍ മഡുറോയ്‌ക്കെതിരെ 12ലധികം കേസുകളിലാണ് യു.എസ് നീതിന്യായ വകുപ്പ് കുറ്റപത്രം ചുമത്തിയിരിക്കുന്നത്. ഇതില്‍ നാര്‍ക്കോ-ടെററിസവും ഉള്‍പ്പെട്ടിട്ടുണ്ട്. മഡുറോയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 മില്ല്യണ്‍ ഡോളര്‍ പാരിതോഷികവും യു.എസ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.

മഡുറോയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും യു.എസ് ശ്രമം നടത്തിയിരുന്നു. കൂടാതെ 2019ല്‍ താത്കാലിക പ്രസിഡന്റായി യു.എസ് ജുവാന്‍ ഗ്വാഡിയോയെ നിയമിക്കുകയും ചെയ്തിരുന്നു.

Content Highlight: The Maduro government released those arrested during the Venezuelan presidential election

Latest Stories

We use cookies to give you the best possible experience. Learn more