ആഘോഷമല്ല, വാട്‌സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിനുള്ള തംബ്‌സ് അപ്പ് മറുപടിയില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി
national news
ആഘോഷമല്ല, വാട്‌സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിനുള്ള തംബ്‌സ് അപ്പ് മറുപടിയില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2024, 8:38 am

 

ചെന്നൈ: വാട്‌സ്ആപ്പ് വഴിയുള്ള മരണ അറിയിപ്പിന് തംബ്‌സ് അപ്പ് ഇമോജി മറുപടി നല്‍കുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം ഇമോജികളെ ‘ശരി’ എന്ന അര്‍ത്ഥത്തില്‍ കണ്ടാല്‍ മതിയെന്നും കോടതി പറഞ്ഞു.

മേലുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടുവെന്ന വാട്സ്ആപ്പ് സന്ദേശത്തിന് മറുപടിയായി തംബ്‌സ് അപ്പ് ഇമോജിയിട്ട് പ്രതികരിച്ചതിന് ജോലിയില്‍ നിന്നും പുറത്താക്കിയ ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിനെ തിരിച്ചെടുക്കാനുള്ള ഏകാംഗ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം.

തംബ്‌സ് അപ്പ് ഇമോജികൊണ്ട് മരണം ആഘോഷിക്കുകയാണെന്ന് ഒരിക്കലും കണക്കാക്കാന്‍ സാധിക്കില്ല. ഈ സന്ദേശം ആ വ്യക്തി കണ്ടു എന്നതിനുള്ള തെളിവ് മാത്രമാണിതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ഡി. കൃഷ്ണകുമാര്‍, ജസ്റ്റിസ് ആര്‍. വിജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം.

2018ല്‍ മേഘാലയയില്‍ ആര്‍.പി.എഫിലെ ഉന്നത ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്നപ്പോള്‍ തംബ്‌സ് അപ്പ് ഇമോജിയിട്ട് പ്രതികരിച്ച കോണ്‍സ്റ്റബിള്‍ നരേന്ദ്ര ചൗഹാനെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചൗഹാന്‍ കോടതിയെ സമീപിച്ചത്.

ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകത്തില്‍ തംബ്‌സ് അപ്പ് നല്‍കി ആഘോഷത്തിന്റെ മാനം നല്‍കിയത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സേനക്ക് അച്ചടക്കം ആവശ്യമാണെന്നുമായിരുന്നു ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ അപ്പീലില്‍ പറഞ്ഞത്.

യൂണിഫോംഡ് സര്‍വീസിലെ അംഗമെന്ന നിലയില്‍, ചൗഹാന്‍ ഉയര്‍ന്ന നിലവാരമുള്ള അച്ചടക്കം പാലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും, തംബ്‌സ് അപ്പ് സന്ദേശം പങ്കുവെച്ചത് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ക്രൂരമായ മരണത്തിന് ആഘോഷത്തിന്റെ മാനം നല്‍കുകയാണെന്നും ഇവര്‍ വാദിച്ചിരുന്നു.

ഇത്തരം മോശം പെരുമാറ്റം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്നും ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

അതേസമയം, യൂണിഫോം സേനയുടെ മനോവീര്യത്തെ ബാധിക്കാനോ ക്രൂരമായി കൊലചെയ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്താനോ തനിക്ക് യാതൊരു വിധ ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും ഇമോജി തെറ്റായി സെന്‍ഡ് ചെയ്തതാണെന്നും ചൗഹാന്‍ വാദിച്ചു.

സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ചൗഹാന്‍ തെറ്റായി ഇമോജി പങ്കിട്ടതാണെന്നും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നത് റദ്ദാക്കിയ കീഴ്‌ക്കോടതി വിധി ശരിയാണെന്നും വിധിച്ചു.

 

Content highlight: The Madras High Court ruled  it was not wrong to use the thumbs up emoji as a reply to the death notification via WhatsApp.