ചെന്നൈ: കോടതികളിലെ ഡാറ്റാ ശേഖരണത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി. ഡാറ്റ ശേഖരണവും ഒരു വ്യക്തിയുടെ വ്യക്തിഗത ഡാറ്റയുടെ സംരക്ഷണവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അനിതാ സുമന്ത് , ജസ്റ്റിസ് ആര്‍. വിജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.
ലൈംഗികാതിക്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ നിന്ന് തന്റെ പേരും മറ്റ് വിശദാംശങ്ങളും നീക്കം ചെയ്യാനുള്ള അപേക്ഷ നിരസിച്ച സിംഗിള്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരാള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
കോടതി സമക്ഷമുള്ള ഡാറ്റകള്‍ പരസ്യമായി ലഭ്യമാക്കുന്നത് കോടതിയുടെ വിവേചനാധികാരമാണെന്നും ഇത്തരം വിഷയങ്ങളില്‍ ശ്രദ്ധാപൂര്‍വം തീരുമാനം എടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരം വ്യക്തിപരമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കോടതികളെ നിര്‍ബന്ധിക്കാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ നിയമനടപടികള്‍ വഴി തെറ്റുകള്‍ തിരുത്തിയ ശേഷവും വ്യക്തിപരമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധിന്യായങ്ങള്‍ സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുന്നത് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനിടയുണ്ടെന്നും കോടതി പറഞ്ഞു.
കോടതിയുടെ വിധിന്യായത്തില്‍ ബന്ധപ്പെട്ട വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍, നിയമപാലകര്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ യഥാര്‍ത്ഥ രേഖയുടെ പ്രാധാന്യം ദുര്‍ബലമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ഇക്കനൂണ്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനോട് തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിധിയുടെ പകര്‍പ്പ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. വിധിയില്‍ നിന്ന് ഹരജിക്കാരന്റെ പേരും ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും ഒഴിവാക്കാനും മദ്രാസ് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. തിരുത്തിയ വിധി സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight: The Madras High Court held that courts cannot be compelled to provide personal information under the RTI Act