ലോസ് ആഞ്ചലസിലെ തീപിടുത്തത്തിൽ മക്‌ഡൊണാൾഡിന്റെ കെട്ടിടം കത്തിയമരുന്ന വീഡിയോ ഞാൻ കണ്ടുകൊണ്ടേയിരുന്നു. കത്തിയമരുന്ന ഈന്തപ്പനകൾ അതിശക്തമായ കാറ്റിൽ ഒടിഞ്ഞുവീഴുന്നു. സ്വർണ്ണ കമാനങ്ങളിൽ നിന്ന് തീപ്പൊരികൾ പറക്കുന്നു. 1998ൽ പുറത്തിറങ്ങിയ മൈക്ക് ഡേവിസിൻ്റെ Ecology of Fear: Los Angeles and the Imagination of Disaster എന്ന പുസ്തകത്തിലെ ഒരു ഭാഗം പോലെയാണ് എനിക്ക് ഇത് തോന്നുന്നത്.
അഞ്ച് വർഷം മുമ്പ് ഉണ്ടായ ഒരു തീപിടുത്തത്തെക്കുറിച്ച് എഴുതിയ അദ്ദേഹം അന്നേ ദീർഘവീക്ഷണം ചെയ്തിരുന്നു. ഇനിയും അതിഭീകരമായ കാട്ടുതീ പോലൊരു വിപത്തിനെ നേരിടാൻ കാലിഫോർണിയ ഒട്ടും ഒരുക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാർ അതിനെ നിസാരവത്കരിച്ച് കളയുകയാണുണ്ടായത്. 1993 ൽ ഉണ്ടായ അപകടം പ്രവചനീയമായിരുന്നു. അത്തരം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതകൾ മുൻകൂട്ടി കാണാൻ സാധിക്കുമെന്ന് ഡേവിസ് അന്ന് പറഞ്ഞു.
ലോസ് ആഞ്ചലസിൽ ഇന്നും കത്തിപ്പടരുന്ന കാട്ടുതീയും ഇത് പോലെ തന്നെയായിരുന്നു. ആ വിപത്ത് വളരെ നേരത്തെ തന്നെ മുൻകൂട്ടി കാണാൻ സാധിക്കുമായിരുന്നു. പ്രകൃതി തന്നെ അതിനായി നിരവധി അന്ത്യാശാസനങ്ങൾ നൽകിയിരുന്നു. എന്നാൽ അവയെല്ലാം അവഗണിക്കപ്പെട്ടു.
ആഗോള താപനില ഉയരുന്നത് തുടരുന്നതിനാൽ തെക്കൻ കാലിഫോർണിയയിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ കാട്ടുതീ ഉണ്ടാകാൻ സാദ്ധ്യതകൾ ഏറെയാണെന്ന്, പതിറ്റാണ്ടുകളായി പരിസ്ഥിതി പ്രവർത്തകർ വിളിച്ച് പറഞ്ഞുകൊണ്ടേയിരുന്നിരുന്നിരുന്നു . എന്നാൽ അവയെല്ലാം ഏറ്റവും എളുപ്പത്തിൽ തള്ളിക്കളയപ്പെട്ടു.
2019ൽ എല്ലാവരും ഗ്രീൻ ന്യൂ ഡീലിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. കാലാവസ്ഥാ വ്യതിയാനം തടയാൻ സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയുടെ ആകർഷകമായ പേരായിരുന്നു ഗ്രീൻ ന്യൂ ഡീൽ. തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമ്പത്തിക അസമത്വം കുറയ്ക്കൽ തുടങ്ങിയ സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടി നേരിടുക എന്നതായിരുന്നു ഗ്രീൻ ന്യൂ ഡീലിന്റെ ലക്ഷ്യം. എന്നാൽ ഗ്രീൻ ന്യൂ ഡീൽ ഇപ്പോൾ വിസ്‌മൃതിയിലാണ്ടുപോയിരിക്കുന്നു.
ലോസ് ആഞ്ചലസിലെ അപകടത്തിന്റെ ആരംഭം ഫെഡറൽ തലത്തിൽ നിന്നാണ് തുടങ്ങുന്നത്. വർഷങ്ങളായി കാലാവസ്ഥ നയങ്ങളിൽ ഭരണകൂടം കാണിച്ചിരുന്ന നിഷ്‌ക്രിയത്വം വളരെ ഗുരുതരമാണ്. കാലിഫോർണിയയിലെ സംസ്ഥാന സർക്കാർ, ലോസ് ഏഞ്ചൽസ് കൗണ്ടി, സിറ്റി ഹാൾ തുടങ്ങിയ അധികാര കേന്ദ്രങ്ങളൊന്നും തന്നെ കാലാവസ്ഥ വ്യതിയാനത്തെയോ അത് മൂലമുണ്ടാകാൻ പോകുന്ന അപകടങ്ങളെയോ പരിഗണിച്ചിരുന്നില്ല.
എങ്ങനെയാണ് ഈ തീപിടുത്തം ആരംഭിച്ചത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങളുടെ പക്കൽ ഇല്ല. പക്ഷെ ഒരു കാര്യം അറിയാം , ഊർജ്ജ കമ്പനിയായ പി.ജി&ഇയുടെ വൈദ്യുത ലൈനുകൾ ശരിയായി പരിപാലിക്കപ്പെട്ടിരുന്നില്ല, അതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമായിരുന്നു. അപകടകരമായ വൈദ്യുത ലൈനുകൾ തീപിടുത്തത്തിന്റെ അപകട സാധ്യത വർധിപ്പിച്ചു.
പൊതു സേവനങ്ങൾക്ക് ഫണ്ട് നൽകുന്നതിനായി നികുതി പിരിക്കുന്നതിൽ ലോസ് ആഞ്ചലസ് വളരെ പിന്നിലാണ് . ഇത് അടിസ്ഥാന സൗകര്യങ്ങളെ കാര്യമായി ബാധിച്ചു. 2024-2025-ലെ സാമ്പത്തിക വർഷത്തിൽ ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെൻ്റിന് (LAFD) അനുവദിച്ച ബജറ്റ് തുക കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവായിരുന്നു. ഇത് മൂലം ഓവർ ടൈം ജോലി ചെയ്യുന്നവർക്ക് അതിനുള്ള വേതനം നൽകാൻ കഴിയാതായി. കൂടുതൽ അഗ്നിശമന സേനാംഗങ്ങളെ നിയമിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടായി.
ബജറ്റ് വിഹിതത്തിലുണ്ടായ കുറവിനെ എങ്ങനെയൊക്കെ ന്യായികരിച്ചാലും ഒരു കാര്യം വ്യക്തമാണ്. പുതുവർഷം ആരംഭിച്ചപ്പോൾ ലോസ് ആഞ്ചലസ് ഫയർ ഡിപ്പാർട്ട്‌മെൻ്റിന് വേണ്ടത്ര സ്റ്റാഫുകളോ ആവശ്യമായ ധനസഹായമോ ഉണ്ടായിരുന്നില്ല. ഇത് ഡിപ്പാർട്ട്മെന്റിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചു എന്നത് വ്യക്തം.
ബജറ്റിലുള്ള കുറവും അഗ്നിശമന സേന അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവും കാട്ടുതീ ഉൾപ്പെടെയുള്ള വലിയ തോതിലുള്ള അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറെടുക്കാനുള്ള ഡിപ്പാർട്ട്മെൻ്റിൻ്റെ ശേഷിയെ സാരമായി പരിമിതപ്പെടുത്തിയാതായി ഡിസംബർ നാലിന് , നഗരത്തിലെ അഗ്നിശമനസേനാ മേധാവി ക്രിസ്റ്റിൻ ക്രോളി ഒരു കത്തിൽ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകി ഒരുമാസത്തിന് ശേഷം 1 ,30,000 നിവാസികൾ പടരുന്ന കാട്ടുതീ കാരണം തങ്ങളുടെ സർവ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു.
അതേസമയം, തീപിടിത്തത്തെ നേരിടാൻ നൂറുകണക്കിന് തടവുകാരെ മിനിമം വേതനത്തേക്കാൾ വളരെ കുറഞ്ഞ വേതനം നൽകി ഉപയോഗിക്കുന്നു. സംസ്ഥാനത്തിൻ്റെ മിനിമം വേതനം മണിക്കൂറിന് $16 ആണ്. ലോസ് ഏഞ്ചൽസിൽ ഇത് $17.28 ആണ്. നഗരത്തിലെ സാധാരണ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറിൽ ഏകദേശം $30 സമ്പാദിക്കുന്നു. എന്നാൽ സാധാരണ അഗ്നിശമന സേനാംഗങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ വേതനം മാത്രമാണ് തടവുകാർക്ക് ലഭിക്കുന്നത്. കുറഞ്ഞ വേതനത്തിന് തടവുകാരെ ഉപയോഗിക്കുകയാണിവിടെ. കൂടുതൽ അഗ്നിശമന സേനാംഗങ്ങളെ നിയമിക്കുന്നതിന് നഗരത്തിന് ചെലവഴിക്കാമായിരുന്ന പണം വെട്ടിക്കുറച്ചതോടെയാണീ സാഹചചര്യം ഉണ്ടായത്.
ഗ്രീൻ ന്യൂ ഡീൽ വിസ്മൃതിയിലാഴ്ത്തപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷെ ഇതൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. അല്ലെങ്കിൽ ഇത്രയേറെ കാഠിന്യത്തോടെ ലോസ് ആഞ്ചലസിനെ കാട്ടുതീ വിഴുങ്ങുകയില്ലായിരുന്നു. ശരിയാണ് പ്രകൃതി ദുരന്തത്തെ തടയാനാകില്ലായിരിക്കാം പക്ഷെ അതിന്റെ വ്യാപിതി കുറക്കമായിരുന്നു. ജനങ്ങളിലൂടെ സുരക്ഷയെക്കാൾ കൂടുതൽ പ്രാധാന്യം പണത്തിന് നൽകുന്ന പി.ജി&ഇ പോലുള്ള കമ്പനികളെ തുടച്ചുനീക്കുകയെങ്കിലും ചെയ്യാമായിരുന്നു.
ലാഭം മാത്രം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികളെ ഫയർ ഇൻഷുറൻസ് നിയന്ത്രിക്കാൻ അനുവദിക്കരുത്. പ്രത്യേകിച്ചും കാട്ടുതീ അപകടസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ. അവർക്ക് വേണ്ട ലാഭം ലഭിക്കാതെ വന്നപ്പോൾ, ഒരു കമ്പനി 2024ൽ 1,600 പോളിസി ഹോൾഡർമാരെ പറ്റിച്ച് കടന്ന് കളഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിനും ബജറ്റ് വെട്ടിക്കുറയ്ക്കുന്നതിനും വളരെ മുമ്പുതന്നെ കാട്ടുതീ ഉണ്ടായിരുന്നു, എന്നാൽ ഇവ രണ്ടും പ്രശ്നം കൂടുതൽ വഷളാക്കി എന്നതാണ് വാസ്തവം. ഇവിടെ പ്രകൃതിയെ മാത്രം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഒരു സമൂഹത്തിൻ്റെ പ്രധാന ജോലികളിലൊന്ന് ആ സമൂഹത്തിലെ ജനങ്ങളെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നിന്ന് സംരക്ഷിക്കുക എന്നത് കൂടിയാണ്. ഓരോ സമൂഹത്തിനും ആ ഉത്തരവാദിത്വമുണ്ട്.
Content Highlight: The Los Angeles Fires Didn’t Have to Be This Bad