തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചു. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന്‍ തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്തയുടെ അധികാരം ഭേദഗതി ചെയ്യുന്ന ബില്ലാണ് സഭയില്‍ പാസാക്കിയത്. അഴിമതി കേസില്‍ ലോകായുക്ത വിധി വന്നാല്‍ പൊതുപ്രവര്‍ത്തകര്‍ പദവി ഒഴിയണമെന്നുള്ള വകുപ്പാണ് പുതിയ ഭേദഗതിയില്‍ എടുത്തുകളയുന്നത്. നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ 23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി ചെയ്യുന്നത്.
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി. ബില്‍ അവതരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
‘ഒരു ഭരണാധികാരിക്കുമെതിരെ അഴിമതി ആരോപിച്ച് കേസ് കൊടുക്കാന്‍ കഴിയാത്ത അവസ്ഥ. അതാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ലോകായുക്തയിലൂടെ ജനങ്ങളെ പരിപൂര്‍ണമായി നിശബ്ദമാക്കുകയാണ്. ലോകായുക്ത നിയമത്തിന്റെ ഹൃദയമാണ്. ആ ഹൃദയമാണ് കവര്‍ന്നെടുക്കുന്നത്’. ചെന്നിത്തല പറഞ്ഞു.
അതേസമയം, സര്‍ക്കാരുമായി പോര് കടുപ്പിച്ചിരിക്കുന്ന ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമോ എന്നുള്ളതാണ് ആശങ്ക. ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമേ ബില്‍ നിയമമാകുകയുള്ളൂ.