ന്യൂദല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അനിശ്ചകാലത്തേക്ക് പിരിഞ്ഞു. അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും ഇന്നലെയുമായി പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടതായി അറിയിച്ചത്.
ശീതകാല സമ്മേളനം ആരംഭിച്ചത് മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങളെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്ന് (വെള്ളിയാഴ്ച്ച) സഭാ നടപടികള്‍ ആരംഭിച്ച ഉടനെത്തന്നെ സഭ പിരിച്ച് വിടുകയായിരുന്നു.
സഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രമേയം ലോക്‌സഭ അംഗീകരിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസാക്കിയതിന് ഉടനെത്തന്നെ സഭ പിരിച്ചു വിടുകയായിരുന്നു.
ലോക്‌സഭയില്‍ നിന്ന് 27 അംഗങ്ങളാണ് ജെ.പി.സിയില്‍ ഉള്ളത്. കേരളത്തില്‍ നിന്നുള്ള എം.പി കെ. രാധാകൃഷ്ണനും കമ്മിറ്റിയില്‍ അംഗമാണ്. പി.പി. ചൗധരിയാണ് സമിതിയുടെ അധ്യക്ഷന്‍. 12 പേര്‍ രാജ്യസഭയില്‍ നിന്നുമുണ്ടാവും. രാജ്യസഭയിലും ഉടന്‍ ഈ പ്രമേയം അവതരിപ്പിക്കും.
പാര്‍ലമെന്റ് മന്ദിരത്തിന്റെ കവാടത്തില്‍ ധര്‍ണയോ പ്രകടനമോ നടത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ പാര്‍ലമെന്റ് അംഗത്തെയോ എം.പിമാരുടെ സംഘത്തെയോ അനുവദിക്കില്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
കോണ്‍ഗ്രസ് എം.പിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, ഡിംപിള്‍ യാദവ് എന്നിവരെല്ലാം പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇന്നലെ (വെള്ളിയാഴ്ച്ച) ഇത്തരത്തില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ഭരണപക്ഷത്തെ രണ്ട് എം.പിമാര്‍ക്ക് പരിക്കേറ്റതായി ചൂണ്ടിക്കാണിച്ചാണ് ദല്‍ഹി പൊലീസ് രാഹുലിനെതിരെ കേസ് എടുത്തത്.
Content Highlight: The Lok Sabha suspended indefinitely due to protest