| Saturday, 29th July 2023, 4:24 pm

പന്ത്രണ്ടുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി ആരോപണം; പ്രതികളുടെ വീടുകള്‍ പൊളിച്ചുനീക്കി അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് രണ്ട് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് അധികൃതര്‍ പൊളിച്ചു. സത്‌ന ജില്ലയിലാണ് സംഭവം. രവീന്ദ്ര കുമാര്‍, അതുല്‍ ഭട്ടോലിയ എന്നിവരുടെ വീടുകളാണ് അധികൃതര്‍ പൊളിച്ചത്.

പ്രതികളായ രവീന്ദ്ര കുമാറും അതുല്‍ ഭട്ടോലിയും പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കുട്ടി പീഡനത്തിന് ഇരയായതിന് പിന്നാലെ പ്രതികളുടെ ഭൂമിയുടെയും വീടിന്റെയും രേഖകള്‍ ആവശ്യപ്പെട്ട് മെയ്ഹാര്‍ മുനിസിപ്പള്‍ കൗണ്‍സിലെ മേധാവി നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണത്തില്‍ ഇരുവരുടെയും വീട് അനധികൃതമായാണ് നിര്‍മിച്ചിട്ടുള്ളതെന്ന് കണ്ടെത്തി.

കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലാണ് ഭട്ടോലിയയുടെ വീട് നിര്‍മിച്ചിട്ടുള്ളതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫ് പൊലീസ് ലോകേഷ് ദബാര്‍ പറഞ്ഞു. കുമാറിന്റെ വീട് അനുമതിയില്ലാതെ നിര്‍മിച്ചവയുമാണെന്നായിരുന്നു കണ്ടെത്തിയത്. രണ്ട് വീടുകളും ഇന്ന് രാവിലെയാണ് പൊളിച്ചതെന്ന് ദബാര്‍ പറഞ്ഞു.

അന്വേഷണം പൂര്‍ത്തീകരിച്ചതിന് ശേഷമേ പൊളിക്കല്‍ നടപടിയിലേക്ക് നടക്കാവൂവെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്ന് ദൃക്‌സാക്ഷി പറയുന്നു.

മയ്ഹാര്‍ ക്ഷേത്രത്തിലെ മാനേജിങ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ രേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ശരീരത്തിലാകെ കടിയേറ്റപാടുകളുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കഠിനമായ വസ്തുക്കള്‍ കയറ്റിയതായും പൊലീസ് പറയുന്നു. എന്നാല്‍ ഇവ വൈദ്യപരിശോധന ഫലം വന്ന ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ വിധഗ്ദ ചികിത്സക്കായി പെണ്‍കുട്ടിയെ ഭോപ്പാലിലേക്കോ ദല്‍ഹിയിലേക്കോ മാറ്റുമെന്നും എസ്.പി അശുദോഷ് ഗുപ്ത പി.ടി.ഐയോട് പറഞ്ഞു.

പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പോക്‌സോ ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ കുമാറിനെയും ഭട്ടോലിയയെയും ക്ഷേത്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചിരുന്നു.

Content Highlight: The local administration demolished the houses of two men accused of raping 12-year-old girl

We use cookies to give you the best possible experience. Learn more