കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരജേതാക്കള്‍ സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യുമെന്ന് പേടിച്ച് പട്ടികയില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിച്ച് മോദി സര്‍ക്കാര്‍. എന്നാല്‍ ഈ ശ്രമം പാളുകയായിരുന്നു.
കഴിഞ്ഞ പതിനാറാം തിയ്യതിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇരുപത് ദിവസം മുമ്പ് തന്നെ അക്കാദമി ജനറല്‍ കൗണ്‍സില്‍ പുരസ്‌കാര ജേതാക്കളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ മാറ്റം വരുത്തി ഇഷ്ടക്കാരെ തിരുകികയറ്റാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
തങ്ങള്‍ തെരഞ്ഞെടുത്ത പുരസ്‌കാര പട്ടികയില്‍ മാറ്റം വരുത്തുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ അക്കാഡമി ജനറല്‍ കൗണ്‍സിലില്‍ നിന്ന് രാജിവെക്കുമെന്ന് അംഗങ്ങളില്‍ ഭൂരിപക്ഷം പേരും പറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
2015ല്‍ നിരവധി സാഹിത്യകാര്‍ മോദി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. രണ്ടാം സര്‍ക്കാരിന്റെ കാലത്തും ഇങ്ങനെ സംഭവിച്ചാല്‍ മോശം പ്രതിച്ഛായ ഉണ്ടാകും എന്ന കണക്കൂകൂട്ടലിലാണ് സര്‍ക്കാര്‍ പുരസ്‌കാര പട്ടിക പരിശോധിക്കാനിറങ്ങിയത്. സാങ്കേതിക പിഴവുകള്‍ ഉണ്ടോ എന്ന് മാത്രമാണ് പരിശോധിച്ചതെന്നാണ് സംസ്‌ക്കാരിക മന്ത്രാലയത്തിന്റെ പ്രതികരണം.