| Sunday, 13th November 2022, 7:59 am

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിന്റെ മാണിക്യം, സാദിയോ മാനെ

സ്പോര്‍ട്സ് ഡെസ്‌ക്
" layout="responsive" width="480" height="270">

ലോകമെമ്പാടുമുള്ള ആരാധകര്‍ക്കിടയില്‍ മാനെ വാഴ്ത്തപ്പെടാന്‍ കാരണം, ഫുട്‌ബോളില്‍ താരം കാഴ്ച വെച്ച പ്രകടനം മാത്രമല്ല, അതിനെക്കാളുപരി അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിത്വവും കൂടിയാണ്.

പണ്ട്, കായിക ലോകത്തേക്കുള്ള ചുവട് വെപ്പിന്റെ ഭാഗമായി സാദിയോ മാനെ ആദ്യമായി വീട് വിട്ടിറങ്ങുമ്പോള്‍, കുഞ്ഞ് മാനെയുടെ ഉള്ളിലുണ്ടായിരുന്നത് രണ്ട് മൂന്ന് ആഗ്രഹങ്ങളായിരുന്നു. സ്വന്തമായി ഒരു വീട് വെക്കണം, അറിയപ്പെടുന്നൊരു ഫുട്‌ബോള്‍ താരമാകണം, എല്ലാറ്റിലുപരി നാട്ടിലെ പാവപ്പെട്ട കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ പണിയണം.

തന്റെ കഴിവും മികവും കൊണ്ട് കണ്ണടച്ച് തുറക്കും മുമ്പ് ഫുട്‌ബോളില്‍ പേരും പ്രശസ്തിയുമുണ്ടാക്കിയ മാനെ തന്റെ ആഗ്രഹങ്ങള്‍ ഓരോന്നായി നിറവേറ്റി തുടങ്ങി. സെനഗലിലെ ബാമ്പലി എന്ന തന്റെ കൊച്ചു ഗ്രാമത്തില്‍ സ്‌കൂള്‍ പണിതതോടൊപ്പം തൊട്ടടുത്ത് ഒരു ആശുപത്രി കൂടി കെട്ടിപ്പൊക്കി.

അതിനുമുണ്ട് ചെറുതല്ലാത്തൊരു കാരണം. അന്ന് മാനെക്ക് അഞ്ചോ ആറോ വയസ് പ്രായം കാണും. കൂട്ടുകാരുമൊത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് കുഞ്ഞ് മാനെയോട് കസിന്‍ വന്ന് പറയുന്നത്, സാദിയോ നിന്റെ ഉപ്പ മരണപ്പെട്ടു എന്ന്.

ആ കുഞ്ഞു മനസിന് ആദ്യം തന്റെ പിതാവിന്റെ മരണ വാര്‍ത്ത ഉള്‍ക്കൊള്ളാനായിരുന്നില്ല. എന്നാല്‍ സാദിയോ വളര്‍ന്ന് വലുതായപ്പോള്‍ പിതാവിനെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാന്‍ ആ നാട്ടില്‍ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകള്‍ക്ക് അസുഖം വന്നാല്‍ നല്‍കിയിരുന്നത്. ചിലപ്പോള്‍ കുറച്ചു നാള്‍ കൂടി ജീവിക്കും, അല്ലെങ്കില്‍ മരിക്കും.

സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലിയില്‍ അഞ്ച് ലക്ഷം യൂറോ മുടക്കി മാനെ വലിയൊരു ഹോസ്പിറ്റല്‍ പണിതത് ഇനിയൊരു ജീവന്‍ കൂടി അവിടെ ചികിത്സ കിട്ടാതെ പൊലിയുന്നത് കാണാതിരിക്കാന്‍ വേണ്ടിയാണ്.

തീര്‍ന്നില്ല, ഇന്നാ നാട്ടില്‍ സാദിയോ മാനെയെ ആശ്രയിച്ച് കഴിയുന്നത് നിര്‍ദ്ധനരായ അനേകം കുടുംബങ്ങളാണ്.

ഇന്ന് ലോകഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അതിലൊരാള്‍ സാദിയോ മാനെയാണ്. കാശുകാരനാണെന്നതിന്റെ യാതൊരു വിധ പത്രാസും അദ്ദേഹത്തിന്റെ നടപ്പിലോ ഭാവത്തിലോ കാണാന്‍ സാധിക്കില്ല.

കാരണം, ലിവര്‍പൂളിന് വേണ്ടി ബൂട്ടുകെട്ടുന്ന സമയത്താണ് ഒരു പൊതു സ്ഥലത്ത് വെച്ച് മാനെയുടെ പൊട്ടിയ ഫോണ്‍ ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീടത് വലിയ ചര്‍ച്ചയാവുകയും പലവിധേന വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

താര പ്രൗഢിയും പ്രശസ്തിയുമുള്ള ഒരാള്‍ക്ക് എങ്ങനെയണ് പൊതു സ്ഥലത്ത് വക്ക് പൊട്ടിയ ഫോണുമായി ചെന്നു കയറാന്‍ സാധിക്കുന്നത്, എന്നു തുടങ്ങുന്ന ചോദ്യങ്ങളായിരുന്നു ആദ്യം ഉടലെടുത്തത്. ചിലര്‍ ഈ വിഷയത്തെ കുറിച്ചും തന്റെ പ്രശസ്തി മറന്ന് നയിക്കുന്ന ലളിത ജീവിതത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തോട് തന്നെ ചോദിക്കുകയുണ്ടായി.

വിമര്‍ശനങ്ങളോട് മുഖം തിരിച്ചു എന്നല്ലാതെ ആര്‍ക്കും മാനെ മറുപടി നല്‍കിയില്ലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഫോളോ അപ്പ് നടത്തിയ ആളുകളെ കൊണ്ടെത്തിച്ചത് താരത്തിന്റെ ജന്മരാജ്യമായ സെനഗലിലെ കുഗ്രാമങ്ങളിലേക്കാണ്. അദ്ദേഹം അവിടുത്തെ നിര്‍ദ്ധരരായ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പണിത ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കുമാണ്.

കരിയറിലൂടെ സമ്പാദിക്കുന്ന മുഴുവന്‍ തുകയും മാനെ ചെലവഴിക്കുന്നത് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നെന്ന് ആളുകള്‍ പിന്നീട് തിരിച്ചറിയുകയായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം അതിനെ കുറിച്ച് പറയാന്‍ തയ്യാറായിരുന്നില്ല.

ഒരിക്കല്‍ ഒരഭിമുഖത്തിനിടെ ഈ ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്.

”ശരിയാണ്, നിങ്ങള്‍ പറയാറുള്ളത് പോലെ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് തോന്നാറില്ല. പക്ഷെ നമ്മുടെ ആളുകള്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നത് അതീവ സന്തോഷം നല്‍കുന്ന കാര്യമാണ്.

എന്തിനാണ് ഞാന്‍ 10 ഫെരാരി കാറുകളും 20 ഡയമണ്ട് വാച്ചുകളും കൊണ്ട് നടക്കുന്നത്. അല്ലെങ്കില്‍ പുതിയ രണ്ട് വിമാനങ്ങള്‍ വാങ്ങുന്നത്, എന്താണെനിക്കതില്‍ നിന്ന് കിട്ടുന്നത്?

ഞാന്‍ വിശന്ന് വലഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു, വിശപ്പകറ്റാന്‍ വയലില്‍ ജോലി ചെയ്യുമായിരുന്നു. കഷ്ടതയനുഭവിച്ച ഒത്തിരി നാളുകളുണ്ടായിട്ടുണ്ട്, നഗ്നപാദനായി ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്. എനിക്ക് വിദ്യാഭ്യാസമോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ല.

ഇന്നത്തെ എന്റെ നേട്ടങ്ങള്‍ക്കെല്ലാം ഞാന്‍ ഫുട്‌ബോളിനോട് കടപ്പെട്ടിരിക്കുകയാണ്. എനിക്കെന്റെ ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നുണ്ട്,” ഇങ്ങനെ പോകുന്നു ആ വാക്കുകള്‍.

ഇനി സാദിയോ എന്ന കളിക്കാരനെ വിലയിരുത്തുമ്പോള്‍ ബൂട്ട് കെട്ടുന്ന ക്ലബ്ബുകളിലെല്ലാം വിജയം കൊയ്യുന്ന ചരിത്രമാണുണ്ടായിട്ടുള്ളത്. നിലവില്‍ ബയേണ്‍ മ്യൂണിക്കിന്റെ മുന്‍ നിര താരമായ മാനെക്ക് കഴിഞ്ഞ ദിവസം പരിക്കിനെ തുടര്‍ന്ന് കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടായി.

താരം ഇത്തവണ ലോകകപ്പ് കളിക്കില്ലെന്ന വാര്‍ത്തയും പുറത്തുവന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാള്‍ വേള്‍ഡ് കപ്പിനുണ്ടാകില്ലെന്ന വാര്‍ത്ത ആരാധകരെ കുറച്ചൊന്നുമല്ല സമ്മര്‍ദ്ദത്തിലാക്കിയത്.

എന്നാല്‍ അടുത്ത ദിവസം സെനഗലിന്റെ ലോകകപ്പിലേക്കുള്ള ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍, അതില്‍ മാനെയുടെ പേരുമുണ്ടായിരുന്നു. രാജ്യത്തിന് വേണ്ടി ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് അടക്കം നിരവധി റെക്കോഡുകള്‍ നേടിക്കൊടുത്ത മാനെയെ പോലൊരു സൂപ്പര്‍താരം ഇല്ലാതെ ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക് ലോകകപ്പിനിറങ്ങാനാകില്ലെന്നുറപ്പായിരുന്നു.

സാദിയോ മാനെ എന്ന പ്രഗത്ഭനായ കളിക്കാരനപ്പുറത്തേക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും ചാരിറ്റി വര്‍ക്കുകളെയും ഇതിനകം ഫുട്‌ബോള്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഈയിടെ നടന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര വേദിയില്‍ ഫുട്‌ബോള്‍ ലോകം മാനെക്ക് സോക്രട്ടീസ് ട്രോഫി നല്‍കി ആദരിക്കുകയുണ്ടായി.

ആദ്യമായാണ് ചാരിറ്റി പ്രവര്‍ത്തനം ചെയ്യുന്ന ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇത്തരമൊരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. അതിനര്‍ഹനായതാകട്ടെ സാദിയോ എന്ന ജനസേവകനായ ഫുട്‌ബോളറും.

Content Highlights: The life story of Senegal Super striker Sadio Mane

സ്പോര്‍ട്സ് ഡെസ്‌ക്