national news
മണിപ്പൂരില്‍ മാധ്യമങ്ങള്‍ തെറ്റായ വിവരം നല്‍കുന്നു; കരസേന എഡിറ്റേഴ്‌സ് ഗില്‍ഡിനയച്ച കത്ത് പുറത്ത്
ഇംഫാല്‍: വംശീയ അതിക്രമം നടക്കുന്ന മണിപ്പൂരില്‍ പ്രാദേശിക മാധ്യമങ്ങള്‍ പക്ഷപാതപരമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പരിശോധിക്കണമെന്നാവശ്യപ്പെട്ട കരസേന എഡിറ്റേഴ്‌സ് ഗില്‍ഡിന് അയച്ച കത്ത് പുറത്ത്.
കരസേനയുടെ ആവശ്യത്തെ തുടര്‍ന്ന് മണിപ്പൂരിലെത്തി വസ്തുതാപരമായ റിപ്പോര്‍ട്ടിങ് നടത്തിയ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ സംസ്ഥാന പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് കരസേന എഡിറ്റേഴ്‌സ് ഗില്‍ഡിനയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്. കേണല്‍ അനുരാഗ് പാണ്ഡേ ജൂലൈ 12ന് ഒപ്പുവെച്ച കത്തിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇംഫാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമങ്ങള്‍ ഒരു സമുദായത്തിനെതിരെ ഏകപക്ഷീയമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഉണ്ടായിരുന്നിട്ടും ഈ മാധ്യമങ്ങളിലെ വളച്ചൊടിച്ച വാര്‍ത്തകള്‍ ആക്രമണം വര്‍ധിക്കാന്‍ കാരണമായി. ആയതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇവര്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്ന് കരസേന അയച്ച കത്തില്‍ പറയുന്നു.
രണ്ട് സമുദായങ്ങള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ സമാധാനത്തിന് വേണ്ടിയായിരുന്നു മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കിയതെന്ന തെളിവുകളും സേന നല്‍കിയിരുന്നു. ദി പീപ്പിള്‍സ് ക്രോണിക്കിള്‍, സാന്‍ഗായ് എക്‌സ്പ്രസ്, ഇംഫാല്‍ ഫ്രീ പ്രസ് തുടങ്ങിയ പത്രങ്ങളിലെ റിപ്പോര്‍ട്ടുകളാണ് സേന നല്‍കിയിരുന്നത്.
ഇതിന് പിന്നാലെ സംസ്ഥാനം സന്ദര്‍ശിച്ച എഡിറ്റേഴ്‌സ് ഗില്‍ഡ്, പ്രാദേശിക മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ എഡിറ്റേഴ്‌സ് ഗില്‍ഡിനെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു.
അതേസമയം, കരസേനയുടെ ക്ഷണപ്രകാരമാണ് തങ്ങള്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കരസേനയില്‍ നിന്നും കത്ത് കിട്ടിയതിന് പിന്നാലെയാണ് മാധ്യമസംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഡിറ്റേഴ്സ് ഗില്‍ഡ് മണിപ്പുരിലേക്ക് വരണമെന്ന് കരസേന എന്തുകൊണ്ടാണ് താത്പ്പര്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. മണിപ്പൂരില്‍ താഴെത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന വസ്തുനിഷ്ഠമായ ഒരു റിപ്പോര്‍ട്ടിങ്ങിനാണ് കരസേന താത്പ്പര്യപ്പെട്ടതെന്ന് സിബല്‍ പറഞ്ഞു.
‘പ്രാദേശിക മാധ്യമങ്ങളുടെ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ് നേരിട്ട് മനസ്സിലാക്കി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനാണ് എഡിറ്റേഴ്‌സ് ഗില്‍ഡിനെ ക്ഷണിച്ചത്. സെപ്റ്റംബര്‍ രണ്ടിന് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. സെപ്തംബര്‍ മൂന്നിന് എഡിറ്റേഴ്സ് ഗില്‍ഡിനെതിരായി കേസെടുത്തു. മുഖ്യമന്ത്രിയും അവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തി,’ സിബല്‍ പറഞ്ഞു.
ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ എങ്ങനെയാണ് കേസെടുക്കുകയെന്ന് മണിപ്പൂര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് കോടതി ചോദിച്ചു.
കേസ് മണിപ്പുര്‍ ഹൈക്കോടതിയില്‍ നിന്നും ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് സിബല്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസ് വീണ്ടും പരിഗണിക്കുന്നത് 15ലേക്ക് മാറ്റി.
എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സീമാ മുസ്തഫ, മണിപ്പൂര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ സഞ്ജയ് കപൂര്‍, സീമ ഗുഹ, ഭരത് ഭൂഷണ്‍ എന്നിവര്‍ക്ക് അറസ്റ്റില്‍നിന്നുള്ള സംരക്ഷണം കോടതി നീട്ടുകയും ചെയ്തു.
Content Highlight: The letter sent to the Army Editors Guild is out