പി.കെ ഫിറോസ് അപകടകാരിയായ ക്രിമിനല്‍, തന്റെ പേരില്‍ പുറത്തു വിട്ട കത്ത് വ്യാജം: ഫിറോസിനെതിരെ കേസെടുക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ
Kerala News
പി.കെ ഫിറോസ് അപകടകാരിയായ ക്രിമിനല്‍, തന്റെ പേരില്‍ പുറത്തു വിട്ട കത്ത് വ്യാജം: ഫിറോസിനെതിരെ കേസെടുക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th February 2019, 4:48 pm

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് താനെഴുതിയ കത്തെന്ന പേരില്‍ പുറത്തു വിട്ടത് വ്യാജ രേഖയെന്ന് ജയിംസ് മാത്യു എം.എല്‍.എ.

പി.കെ.ഫിറോസ് അപകടകാരിയായ ക്രമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതിയും, നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസും നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു.

സി.പി.ഐ.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധു സി.എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരെ ജയിംസ് മാത്യു മന്ത്രി എ.സി മൊയ്തീന് അയച്ച കത്തെന്ന് അവകാശപ്പെട്ടാണ് ഫിറോസ് കത്തു പുറത്തു വിട്ടത്.

Also Read സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ല;കോടതി പരിശോധിച്ചത് പുനപരിശോധന ഹര്‍ജികളുടെ സാധുതയെന്നും ദേവസ്വം കമ്മീഷണര്‍

ബന്ധുനിയമന വിവാദത്തില്‍ പെട്ട കെ.ടി ജലീല്‍ ഈ നിയമനത്തെ മുന്‍നിര്‍ത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഫിറോസ് ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടും കെ.ടി ജലീലിനെ പാര്‍ട്ടി പുറത്താക്കാത്തത് ഇതിനാലാണെന്നുമായിരുന്നു ഫിറോസിന്റെ വാദം.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതാണ് വിവാദങ്ങളുടെ തുടക്കം.