|

സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി. ഇടതുസര്‍ക്കാരിന്റെ പുതുകാല്‍വെപ്പെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു വിശേഷിപ്പിച്ച ഈ മുന്നേറ്റം സര്‍ക്കാര്‍ നിയന്ത്രണം സര്‍വകാലാശാലകളില്‍ ഉറപ്പാക്കുമെന്നും പറഞ്ഞു.

അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയെ ഈ തീരുമാനം കച്ചവടവത്ക്കരിക്കുമെന്ന് പറഞ്ഞ പ്രതിപക്ഷം ഇത് വിദ്യാഭ്യാസ മേഖലയെ പത്ത് വര്‍ഷം പിന്നോട്ടേയ്ക്കടിച്ചെന്നും വിമര്‍ശിച്ചു.

ബില്ലിനെ നേരിട്ട് എതിര്‍ക്കാതിരുന്ന പ്രതിപക്ഷം ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളെ ഈ നീക്കത്തിലൂടെ തടഞ്ഞ് നിര്‍ത്താന്‍ ആകുമോ, നിലവിലെ സ്ഥാപനങ്ങളെ എങ്ങനെ ബാധിക്കും, സര്‍ക്കാരിന് എത്രത്തോളം നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ സാധിക്കും എന്നീ ആശങ്കകളാണ് പ്രതിപക്ഷം മുന്നോട്ട് വെച്ചത്. ഈ വിഷയങ്ങളില്‍ മതിയായ പഠനം നടത്താതെ ബില്‍ പാസാക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

നിയമസഭ ബില്‍ പാസാക്കിയതിനാല്‍ ഗവര്‍ണര്‍ അംഗീകരിക്കുന്ന പക്ഷം നിലവില്‍ വരും. നിലവില്‍ രാജ്യത്തെ നിരവധി സ്വകാര്യ സര്‍വകലാശാലകള്‍ താത്പര്യം അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു പോര്‍ട്ടല്‍ ആരംഭിക്കും. ഈ പോര്‍ട്ടല്‍ വഴിയാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കുക.

കേരളത്തിലെ സ്ഥിരം താമസക്കാര്‍ക്ക് 40 ശതമാനം സീറ്റുകള്‍ സര്‍വകലാശാലയില്‍ സംവരണം ചെയ്യും. ഇത് സര്‍വകലാശാലകള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ഇടപെടാനുള്ള വ്യവസ്ഥ ബില്ലിലുള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി യൂണിയനുകളുണ്ടാകും. ഇവയ്ക്ക് സര്‍ക്കാരിന്റെ നിയന്ത്രണവും ഉറപ്പുവരുത്തും.

സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി കക്ഷികള്‍ 25 കോടി രൂപ കെട്ടിവയ്ക്കണം. അഞ്ച് വര്‍ഷത്തിനു ശേഷം യു.ജി.സി വ്യവസ്ഥകള്‍ക്കനുസരിച്ച് ഓഫ് ക്യാംപസുകള്‍ തുടങ്ങാം. ഒരുപക്ഷെ ഏതെങ്കിലും സാഹചര്യത്തില്‍ സര്‍വകലാശാല പിരിച്ചുവിടുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള നഷ്ടപരിഹാരം ഈ 25 കോടിയില്‍ നിന്ന്‌ നല്‍കും.

അതേസമയം ബില്ലിനെതിരെ എ.ഐ.എസ്.എഫ് പോലുള്ള ഇടത് സംഘടകളില്‍ നിന്ന്‌ പ്രതിഷേധം ഉയരുന്നുണ്ട്.

Content Highlight: The Legislative  Assembly passed the Private University Bill