ലുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടിയായ എം.പി.എല്‍.എക്ക് (People’s Movement for the Liberation of Angola) വീണ്ടും വന്‍ വിജയം.
51.2 ശതമാനം വോട്ടുകള്‍ നേടിയാണ് അംഗോളയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണം എം.പി.എല്‍.എയുടെ കൈകളിലെത്തിയിരിക്കുന്നത്. ഇതോടെ നിലവിലെ പ്രസിഡന്റും എം.പി.എല്‍.എ നേതാവുമായ ജോവോ ലോറന്‍സോ (João Lourenço) വരാനിരിക്കുന്ന അഞ്ച് വര്‍ഷം കൂടി അംഗോളയെ ഭരിക്കുമെന്നുറപ്പായിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടിയായ യൂണിറ്റ (Unita) അതിന്റെ ചരിത്രത്തില്‍ ആദ്യമായി നാല്പത് ശതമാനത്തിലധികം (44) വോട്ടു നേടി.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂരിപക്ഷത്തില്‍ വലിയ ഇടിവാണ് എം.പി.എല്‍.എക്ക് ഉണ്ടായിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.പി.എല്‍.എ 61 ശതമാനം വോട്ടും യൂണിറ്റ 27 ശതമാനം വോട്ടുമായിരുന്നു നേടിയിരുന്നത്.
ഓഗസ്റ്റ് മാസം അവസാനമായിരുന്നു രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ അമ്പത് വര്‍ഷമായി അംഗോളയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയാണ് എം.പി.എല്‍.എ. ഇതിനിടെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെ പട്ടിണിയുടെയും പേരില്‍ പാര്‍ട്ടിക്കെതിരെ നിരന്തരം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിയാണെന്ന ആരോപണവുമായി എം.പി.എല്‍.എക്കെതിരെ യൂണിറ്റ നിയമനടപടിക്കൊരുങ്ങുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്നത്.
ആഫ്രിക്കയില്‍ അവസാനം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളിലൊന്നാണ് അംഗോള. 1975ല്‍ പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അന്ന് മുതല്‍ എം.പി.എല്‍.എയാണ് അംഗോള ഭരിക്കുന്നത്.
2017 മുതല്‍ ജോവോ ലോറന്‍സോയാണ് പ്രസിഡന്റ് സ്ഥാനത്തുള്ളത്.
Content Highlight: The left-wing party MPLA defeats Unita in the Angola election