| Thursday, 5th December 2024, 3:43 pm

കേരളത്തിനോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് ഇടതുപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം അനുവദിക്കാത്തതുള്‍പ്പെടെ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്‍കാത്തതില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധിച്ച് എല്‍.ഡി.എഫ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ ഇടതുമുന്നണി മാര്‍ച്ചും ധര്‍ണയും നടത്തി.

തിരുവനന്തപുരത്ത് രാജ്ഭവന്‍ മുന്നിലും മറ്റ് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് സമരം നടന്നത്. രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

രാജ്ഭവന് മുന്നിലുള്ള പ്രതിഷേധം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം അനുവദിക്കുന്നതുവരെ വലിയ രീതിയിലുള്ള പ്രക്ഷോഭവുമായി ഇടതുപക്ഷം മുന്നോട്ട് പോവുമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ആവശ്യം ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും അദ്ദേഹം പറയുകയുണ്ടായി.

സമരത്തിന് ഞങ്ങളില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനെന്നും സര്‍ക്കാര്‍ വിരുദ്ധതതയുടെ ഭാഗമായുള്ള ധാരണയാണ് ആ നിലപാടെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ദുരന്ത ബാധിതരെ ആശ്വസിപ്പിക്കാന്‍ കേന്ദ്ര ഏജന്‍സി പ്രതിനിധികളും പ്രധാനമന്ത്രിയും വയനാട്ടിലെത്തുകയും ദുരിതാശ്വാസത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഉറപ്പ് നല്‍കി നാല് മാസമായിട്ടും സഹായത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. കേന്ദ്ര മന്ത്രിമാര്‍ ലോക്‌സഭയിലും രാജ്യ സഭയിലും ആദ്യം വിഷയം പരിഗണിക്കുമെന്നും പിന്നീട് അതിന് സാധ്യതയില്ലെന്നും പറയുന്നു, എം.വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആകമാനം നടന്ന പ്രതിഷേധത്തില്‍ പത്തനംതിട്ടയില്‍ മാത്യു.ടി തോമസ്, ആലപ്പുഴ പി.കെ ശ്രീമതി, കോട്ടയം ഡോ. എന്‍.ജയരാജ്, ഇടുക്കി അഡ്വ. കെ. പ്രകാശ് ബാബു, എറണാകുളം പി.സി ചാക്കോ, തൃശൂര്‍ കെ. പി രാജേന്ദ്രന്‍, പാലക്കാട് എ. വിജയരാഘവന്‍, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്‌കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ.പി ജയരാജന്‍, കാസര്‍കോട് ഇ. ചന്ദ്രശേഖരന്‍ എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്.

Content Highlight: The Left protested against the central neglect of Kerala

We use cookies to give you the best possible experience. Learn more