പാരിസ്: ജൂലായില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഇടതുപക്ഷത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ തഴഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് തിരിച്ചടി.
2027 വരെ കാലാവധിയുള്ള മാക്രോണിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇടതുസഖ്യത്തിലെ അംഗമായ എല്‍.എഫ്.ഐ ഫ്രഞ്ച് പാര്‍ലമെന്റില്‍ ശ്രമങ്ങള്‍ തുടങ്ങിയതായി ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, ഗ്രീന്‍സ് എന്നിവ ചേര്‍ന്ന ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന്റെ (എന്‍.എഫ്.പി) ഭാഗമാണ് എല്‍എഫ്‌ഐ. ഇംപീച്ച്‌മെന്റിനായി എല്‍.എഫ്.ഐ പ്രമേയം അവതരിപ്പിക്കുകയും ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തതായി പാര്‍ട്ടി നേതൃത്വം പ്രതികരിച്ചു.
കഴിഞ്ഞാഴ്ച പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഇടതുപക്ഷം പ്രധാനമന്ത്രിയായി ലൂസി കാസ്റ്റസിനെ നിര്‍ദേശിച്ചിരുന്നെങ്കിലും മാക്രോണ്‍ ഇത് നിരസിക്കുകയായിരുന്നു. ഇടത് സഖ്യത്തെ ‘വ്യവസ്ഥയ്ക്കെതിരായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച മാക്രോണ്‍ തീവ്രവലതു പക്ഷവുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
‘ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 68 അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നതിനുള്ള കരട് പ്രമേയം ഇന്ന് പാര്‍ലമെന്റിലെ അംഗങ്ങളുടെ ഒപ്പിനായി അയച്ചു. ജനവിധി അംഗീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്. അതിനാല്‍ അദ്ദേഹത്തെ പിരിച്ച് വിടണം. പ്രമേയത്തിന്റെ കരട് രൂപം എക്‌സില്‍ പങ്ക് വെച്ചുകൊണ്ട് എല്‍.എഫ്.ഐ പാര്‍ലമെന്റ് ലീഡര്‍ മറ്റില്‍ഡെ പാനോട്ട് എക്‌സില്‍ കുറിച്ചു.
എന്നാല്‍ 577 അംഗങ്ങള്‍ ഉള്ള ഫ്രഞ്ച് പാര്‍മെന്റില്‍ 58 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമാണ് എല്‍.എഫ്.ഐക്ക് ഇംപീച്ച് പ്രമേയത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ 72 അംഗങ്ങളാണ് എല്‍.എഫ്.ഐക്ക് സഭയില്‍ ഉള്ളത്.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് യൂറോപ്യന്‍ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ പാര്‍ട്ടിയായ എന്‍സെംബിള്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് മാക്രോണ്‍ ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ജൂണ്‍ 30ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് തീവ്ര വലതുപക്ഷക്കാരിയായ മാരി ലി പെന്നിന്റെ പാര്‍ട്ടിയായ നാഷണല്‍ റാലി വലിയ മുന്നേറ്റം നടത്തുകയുണ്ടായി. ആ സമയത്ത് നാഷണല്‍ റാലി അധികാരത്തിലെത്തുന്നത് തടയാന്‍ അവര്‍ക്ക് ഒരു വോട്ട് പോലും നല്‍കരുതെന്ന് ആവശ്യപ്പെട്ട് മാക്രോണ്‍ തന്നെ രംഗത്തെത്തിയിരുന്നു.
പിന്നീട് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ മധ്യപക്ഷ പാര്‍ട്ടികളും ഇടത് പാര്‍ട്ടികളും പരസ്പരധാരണയിലൂടെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ച് ഏകീകൃതമായി നടത്തിയ മുന്നേറ്റത്തിലൂടെയാണ് മധ്യ-ഇടത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇടത് സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട് 190 സീറ്റുകളും മാക്രോണിന്റെ എന്‍സെംബിള്‍ 160ഉം മാരി ലി പെന്നിന്റെ നാഷണല്‍ റാലി 140 സീറ്റുകളും നേടി.
എന്നാല്‍ കേവല ഭൂരിപക്ഷമായ 289 സീറ്റുകള്‍ ഒരു സഖ്യത്തിനും ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീണ്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ പാര്‍ട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, പ്രധാനമന്ത്രിയുടെ പേര് അന്തിമമായി നല്‍കാനുള്ള അധികാരം പ്രസിഡന്റിന് മാത്രമായതിനാല്‍ മാക്രോണിന്റെ തീരുമാനം ഈ വിഷയത്തില്‍ നിര്‍ണായകമാവും.
Content Highlight: The left is ready to impeach Emmanuel Macron