| Friday, 28th January 2022, 1:22 pm

തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിനുണ്ട്: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിനുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

എന്തും ചെയ്യാമെന്ന ധാരണ ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലോകായുക്ത വിഷയത്തില്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2019ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിന് കാരണമെന്നും സതീശന്‍ പറഞ്ഞു.

ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നത വിദ്യാഭ്യാസമന്ത്രിക്കെതിരായ കേസും ലോകായുക്തയില്‍ വരികയാണ്. അതിന് മുമ്പായി 22 വര്‍ഷമായി നിലനില്‍ക്കുന്ന ലോകായുക്ത നിയമം ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം കേന്ദ്രം ഇടപെടാതിരിക്കാനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ, മറിച്ച് ഭരണഘടനാ മൂല്യങ്ങളേയും വ്യവസ്ഥകളേയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.

1999 ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമത്തില്‍ ഇടത് സര്‍ക്കാര്‍ തന്നെ ഭേദഗതി വരുത്തുന്നുവെന്ന ചോദ്യത്തിന് കൂടിയുള്ള വിശദീകരണമാണ് കോടിയേരി ലേഖനത്തിലൂടെ നല്‍കുന്നത്.

എന്നാല്‍, നിയമസഭ കൂടാന്‍ ഒരു മാസം ബാക്കി നില്‍ക്കെ എന്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ധൃതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും പറഞ്ഞിരുന്നു.


Content Highlights: The Left has the pride and arrogance of continuing to rule: VD Satheesan

We use cookies to give you the best possible experience. Learn more