കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്നിലാക്കി ഇടതുപക്ഷം. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു മുനിസിപ്പാലിറ്റി പോലും നേടാന്‍ കഴിയാതിരിക്കെ നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി നേടി ഇടതുമുന്നണി അക്കൗണ്ട് തുറന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്ന ഇടതുപക്ഷം രണ്ടാം സ്ഥാനത്തേക്ക് വരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലം സമ്മാനിക്കുന്നത്. ഇടതുമുന്നണി 12 ശതമാനം വോട്ട് നേടിയപ്പോള്‍ ബി.ജെ.പിക്ക് ഒമ്പത് ശതമാനം വോട്ട് മാത്രമാണ് ഇതുവരെ നേടാനായത്. നാദിയ ജില്ലയിലെ താഹെര്‍പൂര്‍ മുനിസിപ്പാലിറ്റി ഒരു ഇടവേളക്ക് ശേഷം ഇടുതുപക്ഷം തിരിച്ചുപിടിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയത്തിലേക്ക് അടുക്കുകയാണ്. വോട്ടെണ്ണല്‍ തുടരവേ 108 മുനിസിപ്പാലിറ്റികളില്‍ 90 എണ്ണവും 70 ശതമാനം വോട്ടും നേടിയാണ് തൃണമൂലിന്റെ മുന്നേറ്റം.
പ്രതിപക്ഷ നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സുവേന്ദു അധികാരിയുടെ തട്ടകമായ കാന്തി മുനിസിപ്പാലിറ്റി തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.
നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികളില്ല. ഒരു സ്ഥാനാര്‍ത്ഥിയെ പോലും ഇവിടങ്ങളില്‍ വിജയിപ്പിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഏഴ് മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല.
ബംഗാള്‍ രാഷ്ട്രീയത്തില്‍ പുതുതായെത്തിയ ഹംറോ പാര്‍ട്ടി ഡാര്‍ജിലിംഗ് മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. ഡാര്‍ജിലിംഗിലെ പ്രമുഖ റെസ്റ്റോറന്റ് ഉടമയും സാമൂഹ്യ പ്രവര്‍ത്തകനുമായ അജയ് എഡ്വേര്‍ഡ് കഴിഞ്ഞ നവംബറിലാണ് ഹംറോ പാര്‍ട്ടി രൂപീകരിച്ചത്.
CONTENT HIGHLIGHTS: The Left has overtaken the BJP in the West Bengal local body elections