Kerala News
എ.ഐ സംബന്ധിച്ച് ഇടതുപക്ഷത്തിന് ഒരു കാഴ്ചപ്പാടുണ്ട്; ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്ന നയമല്ല അത്: കെ. എൻ. ബാലഗോപാൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 13, 03:28 am
Thursday, 13th February 2025, 8:58 am

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലെയുള്ള സാങ്കേതികവിദ്യകൾ മനുഷ്യൻ്റെ മുഖമുള്ളതാകണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളിൽ ഗവേഷണം നടത്തുന്നതിനും പുതിയ സങ്കേതങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള പ്രഖ്യാപനങ്ങളടങ്ങിയതാണ് സംസ്ഥാന ബജറ്റെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതുചർച്ചയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

ആളുകൾക്ക് ജീവിക്കാൻ കൂടി വേണ്ടിയുള്ളതാണ് സാങ്കേതികവിദ്യ. ഇത്തരം സംവിധാനങ്ങൾ വരുന്ന മുതലാളിത്ത രാജ്യങ്ങളിൽ ആളുകളെ ജോലിയിൽ നിന്നും പിരിച്ചുവിടുന്ന നയമാണ് സ്വീകരിക്കുന്നത്. എന്നാൽ അതല്ല ഇടതുപക്ഷത്തിൻ്റെ നയമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നത് കേരളം മാത്രമാണെന്നും മന്ത്രി പറഞ്ഞു. എ. ഐ വന്നുകഴിഞ്ഞാൽ ആരെയും നിയമിക്കേണ്ടതില്ല എന്ന നിലപാടല്ല ഇടതുപക്ഷത്തിൻ്റേതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എ.ഐയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐ.ടി മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനം ആകെ 517.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എ.ഐയുടെ ഉപയോഗത്തിലൂടെ സംസ്ഥാനത്തെ ഉയർത്തുന്നതിനായി തിരുവനന്തപുരത്ത് ഒരു ഗ്രാഫിക് പ്രോസസ്സിങ് യൂണിറ്റ് (GPU) സ്ഥാപിക്കും. ഏജന്റിക് എ.ഐ സിസ്റ്റത്തിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ദേശീയ തല ഹാക്കത്തോൺ സംഘടിപ്പിക്കുകയും ഇതിനായി ഒരു കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. 2,00,354 കോടി രൂപ വലുപ്പം വരുന്നതാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,17,000 കോടി രൂപയായിരുന്നു ശരാശരി ബജറ്റ് ചെലവ്. നിലവിലത് 1,64,000 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നടപ്പ് വര്‍ഷം കഴിയുമ്പോള്‍ ശരാശരി ചെലവ് കൂടുതല്‍ ഉയരും. ഈ വര്‍ഷം 1.79 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അവഗണന മൂലമുണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതിജീവിച്ചതായി തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കെ. എൻ. ബാലഗോപാൽ പറഞ്ഞിരുന്നു. സംസ്ഥാനം മുന്നേറ്റത്തിന് തയ്യാറാണ്. സാമ്പത്തിക പരിമിതികൾ വികസനത്തെ ബാധിച്ചിട്ടില്ല. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 10.5 ശതമാനത്തിലെത്തി. വരുമാന കമ്മി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: The Left has a vision for AI; It is not a policy of firing people: K. N. Balagopal