കരിംപൂര്‍ ബംഗാളിലെ സി.പി.ഐ.എം കോട്ടയായിരുന്നു. എന്നാല്‍ 2016ല്‍ മഹുവ മൊയ്ത്ര തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായെത്തുകയും സി.പി.ഐ.എമ്മില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് മഹുവ മൊയ്ത്ര എം.പിയായതിനെ തുടര്‍ന്ന് ഇപ്പോള്‍ കരിംപൂരില്‍ വീണ്ടും ഉപതെരഞ്ഞെടുപ്പ് വന്നിരിക്കുകയാണ്.
കരിംപൂര്‍ തിരിച്ചു പിടിക്കുക എന്ന് സി.പി.ഐ.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. അത് കൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ.എം ആരംഭിച്ചു.
സംസ്ഥാനത്ത് മൂന്നു മണ്ഡലങ്ങളിലേക്കാണ് നവംബര്‍ മാസത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മൂന്നു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-സി.പി.ഐ.എം ധാരണ ഉണ്ടാവും. കരിംപൂര്‍ അല്ലാതെയുള്ള രണ്ട് മണ്ഡലങ്ങളായ കാളിഗഞ്ചിലും ഗരഹ്പൂരിലും കോണ്‍ഗ്രസ് മത്സരിക്കും. ഇവിടെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ല.
കരിംപൂരില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഇതാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ. കാളിഗഞ്ചും ഗരഹ്പൂരും കോണ്‍ഗ്രസ് സ്വാധീന കേന്ദ്രങ്ങളാണ്. കാളിഗഞ്ചിലെ എം.എല്‍.എയായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രമാദനാഥ് റോയ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
ഗരഹ്പൂര്‍ കോണ്‍ഗ്രസ് കോട്ടയായിരുന്നുവെങ്കിലും 2016ല്‍ കൈവിട്ടു പോയിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ് ആണ് വിജയിച്ചത്. ദീലീപ് ഘോഷ് എം.പിയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ