| Friday, 5th April 2024, 8:12 am

രാജാക്കന്‍മാര്‍ ബ്രിട്ടീഷുകാരുമായി അപ്പം പങ്കുവെച്ച് വിവാഹത്തിലേര്‍പ്പെട്ടെന്ന് നേതാവ്; ഗുജറാത്തില്‍ ബി.ജെ.പിയെ വെട്ടിലാക്കി ക്ഷത്രിയകലാപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രജപുത് സമുദായത്തെ കുറിച്ച് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പര്‍ഷോത്തം രുപാലെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ഗുജറാത്തില്‍ ബി.ജെ.പിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. രുപാലെക്കെതിരെ സംസ്ഥാന വ്യപകമായി ക്ഷത്രിയ സമുദായം പ്രതിഷേധം സംഘടിപ്പിക്കുകയും രാജ്‌കോട്ടിലെ രുപാലെയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണെമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

ദളിത് സമുദായം ബ്രിട്ടീഷുകാരോട് പൊരുതി നിന്നപ്പോള്‍ രജപുത് സമുദായം ബ്രിട്ടീഷുകാര്‍ക്കൊപ്പം അപ്പം മുറിച്ച് പങ്കുവെച്ചുവെന്നും അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നുമായിരുന്നു രുപാലെയുള്ള പരാമര്‍ശം. രാജ്‌കോട്ടിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ചായിരുന്നു രുപാലെയുടെ വിവാദ പ്രസ്താവന. ഇതിനെതിരെയാണ് ഇപ്പോള്‍ വ്യപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. രുപാലെ നിരവധി തവണ മാപ്പു പറഞ്ഞെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ രജപുത് സമുദായ സംഘടനകളും നേതാക്കളും തയ്യാറായിട്ടില്ല. രുപാലെയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ക്ഷത്രിയ സമുദായ നേതാക്കളുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തത് ഗുജറാത്തില്‍ ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. രുപാലെ മാപ്പു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തോട് ക്ഷമിക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെങ്കിലം സമുദായ സംഘടന നേതാക്കള്‍ ഇത് നിരസിക്കുകയായിരുന്നു.

രുപാലെയുടെ വിവാദ പരാമര്‍ശവും തുടര്‍ന്നുണ്ടായ വിവാദ സംഭവങ്ങളും ഗുജറാത്തിലെ ബി.ജെ.പിയിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. നിലവിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ക്ഷത്രിയ സംഘടകളുമായി ചര്‍ച്ച നടത്തി വിവാദം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ബി.ജെ.പിയുടെ ഗുജറാത്തിലെ മുന്‍ പ്രസിഡന്റ് രാജേന്ദ്ര സിങ് റാണ ക്ഷത്രിയ സംഘടനകള്‍ക്ക് പിന്തുണ നല്‍കി പ്രതിഷേധങ്ങള്‍ക്ക് ഊര്‍ജം പകരുകയാണ്.

പര്‍ഷോത്തം രുപാലെ

പര്‍ഷോത്തം രുപാലെയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് ബി.ജെ.പിക്കുള്ളിലുള്ള രജ്പുത് സമുദായ അംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 3ന് നടന്ന അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം ബി.ജെ.പി നേതാവും മുന്‍മന്ത്രിയും രജ്പുത് സമുദായ അംഗവുമായ ഭൂപേന്ദ്ര സിങ് ചുദാസമ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

രുപാലെയുടെ സ്ഥാനാത്ഥിത്വം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സൗരാഷ്ട്രയിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാനാണ് ക്ഷത്രിയ സംഘടനകളുടെ തീരുമാനം. ബി.ജെ.പിയില്‍ തന്നെയുള്ള രജ്പുത് സമുദായ അംഗങ്ങളായ നേതാക്കളുടെ പിന്തുണയും പ്രതിഷേധങ്ങള്‍ക്കുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിലുണ്ടായിരിക്കുന്ന ഈ വിവാദം ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്. എളുപ്പത്തില്‍ ജയിച്ചുകയറാമെന്ന ബി.ജെ.പിയുടെ മോഹത്തിനാണ് ഗുജറാത്തിലെ ഈ ക്ഷത്രിയ കലാപം വിലങ്ങുതടിയായിരിക്കുന്നത്.

content highlights: The leader said that the kings shared bread with the British and got married; Kshatriya riots cut off the BJP in Gujarat

Latest Stories

We use cookies to give you the best possible experience. Learn more