സോണിയാ ഗാന്ധി അദ്ധ്യക്ഷയാവാനുള്ള കാരണം തുറന്ന് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി; 'കാര്യങ്ങള്‍ മാറുകയാണ്'
national news
സോണിയാ ഗാന്ധി അദ്ധ്യക്ഷയാവാനുള്ള കാരണം തുറന്ന് പറഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരി; 'കാര്യങ്ങള്‍ മാറുകയാണ്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 12:48 pm

ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ക്ക് കോണ്‍ഗ്രസിനെ ശരിയായി നയിക്കാന്‍ സാധിക്കുകയില്ലെന്ന് കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അതാണ് കോണ്‍ഗ്രസെന്ന ബ്രാന്‍ഡിന് വിശ്വാസം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് അടിസ്ഥാനമായിരിക്കുന്നത് ആശയ അടിത്തറ ഇല്ലാത്ത പ്രാദേശിക പാര്‍ട്ടികളുടെ ശക്തി ക്ഷയിക്കുന്നതിലാണ്. ഇരുപാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് രാജ്യം അടുക്കുകയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കോണ്‍ഗ്രസിനെ പോലെ ശക്തമായ ആശയ അടിത്തറയുള്ള, രാജ്യമൊട്ടാകെ സാന്നിദ്ധ്യമുള്ള കോണ്‍ഗ്രസിന് മാത്രമേ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തകര്‍ക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് നാള്‍ക്ക് നാള്‍ പ്രാധാന്യം കുറഞ്ഞുവരികയാണ്. അവരുടെ പ്രാധാന്യം കുറയല്‍ അര്‍ത്ഥമാക്കുന്നത് രാജ്യം ഇരുപാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്നാണ്. ഇരുപാര്‍ട്ടി രാഷ്ട്രീയമാണ് ഉള്ളതെങ്കില്‍ ഞങ്ങള്‍ വീണ്ടും അധികാരത്തിലേക്ക് മടങ്ങിയെത്തും. അത് കൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഭാവി ശുഭമാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിച്ച വ്യക്തിയാണ്. ദുഷ്‌ക്കരമായ ഘട്ടത്തിലൂടെ പാര്‍ട്ടിയെ നയിച്ച് 2004ലും 2009ലും പാര്‍ട്ടിയെ അധികാരത്തിലേക്ക് എത്തിച്ചതും അവരാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ക്ക് കോണ്‍ഗ്രസിനെ ശരിയായി നയിക്കാന്‍ സാധിക്കുകയില്ല. രാഷ്ട്രീയത്തിലും ബ്രാന്‍ഡ് വിശ്വാസം ഉണ്ട്. നിങ്ങള്‍ ബി.ജെ.പിയെ പരിശോധിക്കുക, മോദിയും അമിഷ് ഷായും ഇല്ലാതെ അതിന്റെ പ്രവര്‍ത്തനം സുഗമമാവില്ല. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബം തന്നെയാണ് ബ്രാന്‍ഡ് വിശ്വാസം. അതില്‍ പ്രശ്‌നമൊന്നുമില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ അവരോളം പ്രഭാവമുള്ളവരില്ല. അതൊരു വസ്തുതയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.