ദളിതാണെന്ന് തെളിയിക്കുന്ന രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കണമെന്നാവശ്യപ്പെട്ട് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ രോഹിതിന്റെ കുടുംബത്തിന്റെ ദളിത് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നാണ് നോട്ടീസ് പറയുന്നത്.
താനും രോഹിതുമെല്ലാം “മാല” (എസ്.സി) വിഭാഗത്തില്‍പ്പെട്ടവരാണെന്ന് രാധിക വെമുല പറയുന്നു. രോഹിതിന്റെ ജാതിസംബന്ധിച്ച് ആന്ധ്രയിലെ റവന്യൂവകുപ്പ് പുതുതായി നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് രാധിക വെമുലയ്ക്ക് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
രോഹിത് ദളിതല്ലെന്ന് ചൂണ്ടിക്കാട്ടി പിതാവായ മണികുമാര്‍ വെമുല നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് 2016 ജൂണില്‍ ഗുണ്ടൂര്‍ ജില്ലാകളക്ടര്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. താന്‍ വദേര (ഒ.ബി.സി) വിഭാഗത്തില്‍പ്പെട്ടയാളാണെന്നും അത് കൊണ്ട് രോഹിത് ദളിതല്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ മണികുമാര്‍ വെമുല പറഞ്ഞിരുന്നത്.
രോഹിതിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് നിയോഗിച്ചിരുന്ന എ.കെ രൂപന്‍വാല്‍ (അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി) കമ്മീഷനും രോഹിത് ദളിതല്ലെന്നാണ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സംവരണാനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി രാധികവെമുല ദളിതായി ചമഞ്ഞതാണെന്നും ആരോപിച്ചിരുന്നു.
വീണ്ടും നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രോഹിതിന്റെ കുടുംബം. നിലവിലെ നിയമപ്രകാരം കേസ് പൂര്‍ണ്ണമായും രാധിക വെമുലയ്ക്ക് അനുകൂലമായിരിക്കും.
2010 ലെ രാജേന്ദ്ര ശ്രീവാസ്തവ vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസില്‍, ഒരു എസ്.സി അല്ലെങ്കില്‍ എസ്.ടി യുവതി മുന്നോക്ക ജാതിക്കാരനെ കല്ല്യാണം കഴിച്ചാല്‍ ജാതി മാറുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. അന്ന് കേസില്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നതിനായി മുംബൈ ഹൈക്കോടതി ആശ്രയിച്ചത് വി.വി ഗിരി vs സുരി ദൊര (1959) കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയായിരുന്നു. ഏത് ജാതിയിലാണോ ജനിച്ചത് അത് വിവാഹം കൊണ്ടോ ദത്തെടുക്കല്‍ കൊണ്ടോ മാറില്ലെന്നായിരുന്നു വിധി.
എസ്.സി അല്ലെങ്കില്‍ എസ്.ടി വിഭാഗത്തില്‍പ്പെട്ട സ്ത്രീ ഉന്നത ജാതിക്കാരനെ കല്ല്യാണം കഴിച്ചാല്‍ അവരുടെ ജാതിയില്‍ മാറ്റം വരില്ല. മേല്‍ ജാതിക്കാരനെ വിവാഹം ചെയ്തത് കൊണ്ട് ദളിതായ സ്ത്രീ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുന്നില്ല. അവരെ ദളിതായി തന്നെ മാത്രമേ പരിഗണിക്കുകയുള്ളൂ.
2012 ലെ രമേശ്ഭായ് ദഭായ് നായിക vs സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ സുപ്രീംകോടതിയുടെ മുന്നില്‍ ഉയര്‍ന്നിരുന്ന ചോദ്യം ഒരു വ്യക്തിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ മാത്രം എസ്.സി, എസ്.ടി ആയാല്‍ എന്താകുമെന്നായിരുന്നു.
സാഹചര്യങ്ങളും വസ്തുതകളുമൊന്നും പരിശോധിക്കാതെ ഇന്റര്‍കാസ്റ്റ് വിവാഹങ്ങളില്‍ എല്ലായ്‌പ്പോഴും കുട്ടി പിതാവിന്റെ ജാതി സ്വീകരിക്കണമെന്ന് പറയുന്നത് അനുചിതമാണെന്നായിരുന്നു കോടതി പറഞ്ഞത്.
ഇക്കാര്യത്തിലുള്ള കോടതിയുടെ നിരീക്ഷണം; ഇത്തരം വിവാഹങ്ങളിലെ കുട്ടികള്‍ക്ക് പിതാവിന്റെ ജാതി നല്‍കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. മേല്‍ജാതിക്കാരന്‍ ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ വിധവായക്കപ്പെടുകയോ ചെയ്യുന്ന ദളിത് സ്ത്രീ അവരുടെ സമൂഹത്തിലേക്ക് തിരിച്ചു പോകുകയും സ്വന്തം കുഞ്ഞിന് അവിടെ ജന്മം നല്‍കുകയുമാണ് ചെയ്യുന്നത്. അമ്മയുടെ സമുദായംഗമായാണ് ആ കുട്ടി വളരുന്നതും അവര്‍ക്കുണ്ടാവുന്ന എല്ലാ ബുദ്ധിമുട്ടുകളും അവഗണനകളും നേരിടേണ്ടിയും വരുന്നു. അങ്ങനെയെങ്കില്‍ കുട്ടിയുടെ ജാതി പിതാവിന്റേതാണെന്ന് പറയാനാകുമോ ? ഭരണഘടന ഉറപ്പു വരുത്തുന്ന സംരക്ഷണവും മുന്‍ഗണനകളും നല്‍കാനാവില്ലെന്ന് പറയാനാകുമോ ?
നേരത്തെ പുറപ്പെടുവിച്ചിരുന്ന വിവിധ വിധികള്‍ പരിശോധിച്ച കോടതി, അരബിന്ദ കുമാര്‍ സാഹ sv സ്‌റ്റേറ്റ് ഓഫ് അസാം (2002) കേസിലെ ഗുവാഹട്ടി ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാണിക്കയുണ്ടായി. കേസിലെ ഹരജിക്കാരന്റെ പിതാവ് മേല്‍ജാതിക്കാരനും അമ്മ ഷെഡ്യൂള്‍ഡ് കാസ്റ്റുമായിരുന്നു. കോടതി വിധി പറഞ്ഞത് മകന്‍ എസ്.സി ആണെന്നായിരുന്നു. കാരണം ഹരജിക്കാരനെ സ്വന്തം സമൂഹവും മറ്റുള്ളവരും കാണുന്നത് എസ്.സി ആയിട്ടാണ്.
ഇതെല്ലാം പരിഗണിച്ച് സുപ്രീംകോടതി പറഞ്ഞത് ഇന്റര്‍കാസ്റ്റ് വിവാഹങ്ങളില്‍ കുട്ടിയുടെ ജാതി തെളിയിക്കുന്നത് കേസുകളിലെ വസ്തുത പരിഗണിച്ചിട്ടായിരിക്കണമെന്നാണ്. ഇത്തരം സംഭവങ്ങളില്‍ കുട്ടിയുടെ ജാതി പിതാവിന്റേതാണെന്നുള്ള അനുമാനങ്ങള്‍ ഉണ്ടാവാം. എന്നാല്‍ കേസുകളിലിത് തീര്‍പ്പ് കല്‍പ്പിക്കാനുള്ളതാവരുത്. എസ്.സി/എസ്.ടിയില്‍പ്പെട്ട മതാവാണ് തന്നെ വളര്‍ത്തിയതെന്ന് തെളിയിക്കാന്‍ കുട്ടിയെ അനുവദിക്കണം.
രാധികാ വെമുലയുടെ കേസ്
ദളിത് കുടിയേറ്റ തൊഴിലാളി വിഭാഗമായ “മാല” ജാതിലാണ് രാധിക വെമുലയുടെ ജനനം. പിന്നീട് വാധ്ര വിഭാഗത്തില്‍പ്പെട്ട അഞ്ജനി എന്ന സ്ത്രീയാണ് രാധിക വെമുലയെ വളര്‍ത്തിയത്. നല്ല നിലയിലുള്ള കുടുംബമാണ് രാധിക വെമുലയെ ദത്തെടുത്തതെങ്കിലും ജോലിക്കാരിയെ പോലെയാണ് പരിഗണിച്ചിരുന്നത്. അഞ്ജനിയുടെ പരിസരവാസികള്‍ പോലും കരുതിയത് രാധിക ഒരു വീട്ടുവേലക്കാരിയാണെന്നാണ്.
14 വയസുള്ളപ്പോള്‍ വാധ്ര വിഭാഗത്തില്‍പ്പെട്ട മണികുമാര്‍ എന്നയാളുമായി രാധിക വെമുലയുടെ വിവാഹം കഴിഞ്ഞു. സ്വന്തം ദളിതക് സ്വത്വം മറച്ചുവെച്ചാണ് രാധിക വെമുല ഭര്‍ത്താവിനൊപ്പം കഴിഞ്ഞത്. എന്നാല്‍ രാധിക ദളിതാണെന്ന് അറിഞ്ഞപ്പോള്‍ മണികുമാര്‍ 1990ല്‍ അവരെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് രോഹിത് വെമുലയ്ക്കും മറ്റു രണ്ടുമക്കള്‍ക്കും ഒപ്പം ഗുണ്ടൂരിലെ പ്രകാശ് നഗറിലുള്ള ഒറ്റമുറി വീട്ടിലാണ് 20 വര്‍ഷത്തോളം രാധിക വെമുല ജീവിച്ചത്. തുന്നല്‍ ജോലികള്‍ ചെയ്താണ് രോഹിതടക്കമുള്ള മക്കളെ അവര്‍ വളര്‍ത്തിയത്. 40ഓളം ദളിത് കുടുംബങ്ങള്‍ താമസിച്ച് ഗെറ്റോയിലാണ് അവര്‍ താമസിച്ചത്. ഉപേക്ഷിച്ചെങ്കിലും രാധിക വെമുലയെയും കുടുംബത്തെയും മണികുമാര്‍ ഉപദ്രവിച്ചിരുന്നു. പരിസരവാസികളാണ് ഇവരെ സംരക്ഷിച്ചിരുന്നത്.
ദളിത് വിഭാഗത്തില്‍പ്പെടുന്ന ഏതൊരു യുവാവും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അപമാനവും രോഹിത് വെമുലയും നേരിട്ടിരുന്നു. ആയത് കൊണ്ട് താനും തന്റെ മക്കളും ദളിത് ആണെന്നുള്ള രാധികവെമുലയുടെ അവകാശവാദം ശരിയാണ്.
കടപ്പാട്: ദ വയര്‍