| Friday, 16th June 2023, 2:36 pm

മണിപ്പൂരില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് കേന്ദ്രമന്ത്രി; ആഭ്യന്തരമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോയെന്ന് പ്രിയങ്ക ചതുര്‍വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ ക്രമസമാധാന നിലയെ കുറിച്ച് വിമര്‍ശനവുമായി കേന്ദ്രമന്ത്രി ആര്‍.കെ. രഞ്ജന്‍ സിങ്. വ്യാഴാഴ്ച പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീട് കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നെന്ന് അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ ഞെട്ടലിലാണ്. മണിപ്പൂരിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് പക്ഷം എം.പി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ‘അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയിലെ എം.പിയല്ല. കേന്ദ്രമന്ത്രിയാണ്. ക്യാബിനറ്റ് മന്ത്രി പറയുന്നത് ആഭ്യന്തരമന്ത്രി കേള്‍ക്കുന്നുണ്ടോ? ,’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം, സംഭവം നടക്കുമ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. നടന്നത് ഏറെ ദുഖമുണ്ടാക്കുന്ന കാര്യമാണെന്ന് ആര്‍.കെ. രഞ്ജന്‍ സിങ് പറഞ്ഞു.

‘കഴിഞ്ഞ ദിവസം രാത്രി നടന്നത് ഏറെ ദുഖമുണ്ടാക്കുന്ന കാര്യമാണ്. രാത്രി 10 മണിയായപ്പോള്‍ 50തോളം പ്രതിഷേധക്കാര്‍ എന്റെ വീട് ആക്രമിച്ചതായി ഞാനറിഞ്ഞു. വീടിന്റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഞാനും എന്റെ കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഭാഗ്യത്തിന് ആര്‍ക്കും പരിക്കേറ്റില്ല,’ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

‘അക്രമം ഒന്നിനും പരിഹാരമാകില്ല. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ രാജ്യത്തോട് വലിയ ദ്രോഹമാണ് ചെയ്യുന്നത്,’ അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

ജൂണ്‍ 14ന് ഇംഫാലില്‍ അക്രമത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ജൂണ്‍ 20 വരെ നീട്ടി.

ബുധനാഴ്ച മണിപ്പൂരിലെ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതി പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

Content Highlight: The law and order situation in Manipur has totally failed; cabinet minister

We use cookies to give you the best possible experience. Learn more