വാഷിംഗ്ടണ്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസങ്ങളില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് പുറത്ത് വിട്ട് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴസ്. ഇരുവരും ജൂലൈ 23ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നിട്ടുള്ളത്.
14 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ-നയതന്ത്ര-സൈനിക വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത് എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. എന്നാല്‍ താലിബാന്‍ ഇത്തരത്തിലുള്ള നീക്കം നടത്താനുള്ള സാഹചര്യത്തെക്കുറിച്ച് ഇരു രാഷ്ട്രതലവന്മാരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു.
‘ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കാനായി ഞങ്ങള്‍ ഓഡിയോ കേട്ടിരുന്നു. ഉറവിടം വെളിപ്പെടുത്തില്ല എന്ന ഉറപ്പിന്മേലാണ് അനൗദ്യോഗികമായി ഞങ്ങള്‍ക്ക് ഈ ഓഡിയോ ലഭിച്ചിട്ടുള്ളത്,’ റോയിട്ടേഴ്‌സ് പറഞ്ഞു.
താലിബാനെതിരായ പദ്ധതി വ്യക്തമാക്കുകയാണെങ്കില്‍ തങ്ങള്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ബൈഡന്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ ഒരു സൈനിക തന്ത്രം രൂപികരിക്കാനും ശക്തനായ ഒരു യോദ്ധാവിനെ മുന്‍നിര്‍ത്തി നീക്കങ്ങള്‍ നടത്താനും ബൈഡന്‍ ഗനിയെ ഉപദേശിക്കുന്നുണ്ടെന്നും, അത് പ്രതിരോധമന്ത്രി ജനറല്‍ ബിസ്മില്ല ഖാന്‍ മുഹമ്മദിയെ ഉദ്ദേശിച്ചാവാന്‍ സാധ്യതയുണ്ടെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
തനിക്ക് സൈനിക രംഗത്ത് കാര്യമായ അറിവില്ലെന്നും അതിനാല്‍ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട ഉപദേശം തരാന്‍ സാധിക്കില്ലെന്ന് ബൈഡന്‍ പറഞ്ഞെന്നും ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ അവരുടെ മുന്നേറ്റം വര്‍ദ്ധിപ്പിക്കുകയും ഒന്നിനു പുറകെ ഒന്നായി പ്രവിശ്യകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അഫ്ഗാന്റെ പ്രധാന നേതാക്കള്‍ ഒരു പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുകയാണെങ്കില്‍ ഒരുപക്ഷേ അഫ്ഗാനെ കുറിച്ചുള്ള ലോകരാഷ്ട്രങ്ങളുടെ മനോഭാവം മാറാന്‍ സാധ്യതയുണ്ടെന്ന് സംഭാഷണത്തില്‍ ബൈഡന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.
അമേരിക്ക നയതന്ത്രപരമായും രാഷ്ട്രീയപരമായും സാമ്പത്തികമായും അഫ്ഗാന് നല്‍കിവരുന്ന സഹായങ്ങള്‍ തുടരുമെന്നും അഫ്ഗാന്റേത് ശക്തമായ സൈന്യമാണെന്ന് ബൈഡന്‍ പ്രശംസിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെയാണ് താലിബാന്‍ അധിനിവേശം നടത്തുന്നതെന്നും ഡോക്ടര്‍ അബ്ദുള്ള താലിബാനുമായി നടത്തിയ ചര്‍ച്ചകള്‍ ഫലവത്തായില്ലെന്നും ഗനി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു.
എന്നാല്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട ഫോണ്‍ സംഭാഷണങ്ങളെ വൈറ്റ് ഹൗസ് തള്ളിയിരുന്നു.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കുന്നതിന് കേവലം ആഴ്ചകള്‍ മുന്നേയാണ് ഇരു രാഷ്ട്ര തലവന്മാരും തമ്മില്‍ സംസാരിച്ചിരുന്നത്. ആഗസ്ത് 15, 16 തീയതികളിലാണ് താലിബാന്‍ പൂര്‍ണമായും അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ടാണ് താലിബാന്‍ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് രാജ്യം പിടിച്ചടക്കിയത്.