കവരത്തി: ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മിക്കാനൊരുങ്ങി ദ്വീപ് ഭരണകൂടം. കവരത്തിയില്‍ ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26 കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. കവരത്തി ദ്വീപിന്റെ തെക്കുഭാഗത്തായാണ് പുതിയ ജയില്‍ നിര്‍മിക്കുക.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ് ടെണ്ടര്‍ വിളിച്ചത്. നവംബര്‍ എട്ടാം തിയതിയാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി.
ജയില്‍ നിര്‍മിക്കാനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലത്തിന്റെ ഉടമകള്‍ പോലും ഇ- ടെണ്ടര്‍ വാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് സംഭവം അറിയുന്നത്.
കവരത്തിയിലും ആന്ത്രോത്തിലും ചെറിയ ജയിലുകളുണ്ട്. മറ്റ് ദ്വീപുകളിലെ പൊലീസ് സ്റ്റേഷനുകളോട് ചേര്‍ന്നും ചെറിയ തടവറകളുണ്ട്. ഇവിടെ പോലും കുറ്റവാളികളില്ലാത്ത നിലനില്‍ക്കുമ്പോഴാണ് പുതിയ നടപടിയുമായി ദ്വീപ് ഭരണകൂടം മുന്നോട്ടുപോകുന്നത്.
പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിക്കുന്നതെന്ന് ചുമതലയേറ്റത് മുതല്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The Lakshadweep government is preparing to build a huge prison in island