Kerala News
ഒരു ചായ കുടിക്കാന്‍ പോലും പണം എടുത്തിട്ടില്ല; തെറ്റായ എന്തെങ്കിലും കണ്ടെത്തിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 05, 07:54 am
Monday, 5th July 2021, 1:24 pm

തിരുവനന്തപുരം: തനിക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഡി.സി.സി. ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികള്‍ സംബന്ധിച്ച പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു.

‘പരാതി നല്‍കിയത് താത്ക്കാലിക ഡ്രൈവര്‍ ആയിരുന്ന ആളായിരുന്നുവെന്നും കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. തന്നെ ചതിക്കാന്‍ ശ്രമിച്ചയാളാണ് പരാതിക്കാരനെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ചായ കുടിക്കാന്‍ പോലും ഞാന്‍ പണം എടുത്തിട്ടില്ല. എന്നെ വധിക്കാന്‍ പോലും അവസരം ഒരുക്കിയ ആളാണ് പരാതിക്കാരന്‍. സി.പി.ഐ.എമ്മിന് വേണ്ടി തന്നെ ഒറ്റികൊടുക്കാന്‍ ശ്രമിച്ചയാളാണ്.

തെറ്റായ എന്തെങ്കിലും കണ്ടെത്താന്‍ സാധിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണ്. ഡി.സി.സിക്ക് വേണ്ടി ഗള്‍ഫില്‍ നിന്ന് കാശ് പിരിച്ചു എന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും,’ കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സുധാകരനെതിരെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സുധാകരന്റെ മുന്‍ ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

കെ.കരുണാകരന്‍ ട്രസ്റ്റുമായും കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്റെ നിര്‍മാണവുമായും ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍ പ്രാഥമികമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The KPCC President responding to allegations of corruption against him