തിരുവനന്തപുരം: ‘ഈസി കിച്ചണ്‍’ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വീടുകളിലെ സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അന്തരീക്ഷമുള്ള അടുക്കളകള്‍ നവീകരിച്ച് നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. അടുക്കള സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ലെന്നും എന്നാല്‍ അടുക്കളയില്‍ ജോലി ചെയ്യുന്നത് ഭൂരിപക്ഷവും സ്ത്രീകള്‍ തന്നെയാണെന്നത് യാഥാര്‍ത്ഥ്യമാണെന്നും മന്ത്രി പറഞ്ഞു.
അടുക്കളയില്‍ ജോലിയെടുക്കുന്നവരുടെ അധ്വാനം കുറച്ച് ആരോഗ്യം സംരക്ഷിക്കാനുള്ള പുതിയൊരു ആശയമാണിതെന്നും അദ്ദേഹം അറിയിച്ചു.
പദ്ധതി പ്രകാരം ഒരു അടുക്കള നവീകരിക്കുന്നതിനായി നഗരസഭകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും 75,000 രൂപ ചെലവഴിക്കാം. 6000 രൂപ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
അടുക്കളയില്‍ നിലവിലുള്ള തറമാറ്റി സിറാമിക് ടൈല്‍പാകല്‍, ഗ്രാനൈറ്റ് ഉപയോഗിച്ച് കിച്ചണ്‍ സ്ലാബ് സജ്ജീകരിക്കല്‍, എം.ഡി.എഫ് കിച്ചണ്‍ കബോര്‍ഡ്, സിങ്ക് സ്ഥാപിക്കല്‍, 200 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, പ്ലംബിങ്, പെയിന്റിങ്, സോക്ക്പിറ്റ് നിര്‍മാണം എന്നിവ പദ്ധതിയുടെ ഭാഗമായിരിക്കും.
പദ്ധതിക്ക് ആവശ്യമായ പണം ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാറ്റിവെക്കാം. ഒരു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന അടുക്കളയുടെ എണ്ണത്തിന് അനുസരിച്ച് പണം നീക്കിവെക്കാവുന്നതാണ്.
സര്‍ക്കാരിന്റെ ലൈഫ് ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളിലുള്ള വീടുകള്‍ക്ക് ഈസി കിച്ചണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മറ്റ് പദ്ധതികളുടെ നടപടിക്രമത്തിന് അനുസൃതമായി തദ്ദേശ സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കിയ ശേഷമായിരിക്കും ഈസി കിച്ചണ്‍ നടപ്പിലാക്കുക.
യോഗത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ ധനസഹായം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും കൂടി ബാധകമാക്കാനും തീരുമാനമുണ്ടായിട്ടുണ്ട്. വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഷെല്‍റ്റര്‍ നിര്‍മിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനുപുറമെ ലൈഫ് പദ്ധതിയുടെ സഹായത്തോടെ പണിത വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുള്ള കാലയളവ് സര്‍ക്കാര്‍ 12 വര്‍ഷത്തേക്ക് നീട്ടി. നിലവിലിത് ഏഴ് വര്‍ഷമായിരുന്നു.
സ്വന്തം നിലയില്‍ വീട് പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ അനുമതിയുണ്ട്. കഴിഞ്ഞ ജൂലൈ മുതലാണ് വീടുകള്‍ കൈമാറുന്നതിനുള്ള കാലാവധി ഏഴ് വര്‍ഷത്തേക്ക് ചുരുക്കിയത്. പിന്നീട് വിവിധ തലങ്ങളില്‍ നിന്ന് പ്രസ്തുത തീരുമാനത്തില്‍ ആശങ്ക ഉയര്‍ന്നതോടെ കാലാവധി ഉയര്‍ത്തുകയായിരുന്നു.
Content Highlight: The kitchen will now shine; State Government with ‘Easy Kitchen’ scheme