രണ്‍ജി പണിക്കര്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘ദി കിംഗ്’. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് ഐ.എ.എസ് എന്ന കഥാപാത്രമായിട്ടായിരുന്നു താരമെത്തിയത്.
ദീപാവലി റിലീസായ ചിത്രം 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമാവുകയും ചെയ്തു. ഈ സിനിമ അതേ പേരില്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു.
ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. ആദ്യം മുതല്‍ തന്നെ തങ്ങള്‍ക്ക് ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് തോന്നിയിരുന്നെന്നും അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
തങ്ങള്‍ മദ്രാസില്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് രണ്‍ജി പണിക്കര്‍ സ്‌ക്രിപ്റ്റ് പറയുന്നതെന്നും അപ്പോള്‍ താനത് എഴുതിയെടുക്കാറാണെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു.
‘ആദ്യം മുതല്‍ തന്നെ ആ സിനിമ അടുത്ത ഒരു നാഴികക്കല്ലാകുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. രണ്‍ജി പണിക്കറായിരുന്നു അതിന്റെ കഥ ഒരുക്കിയത്. അന്ന് രണ്‍ജി പണിക്കരുടെ കയ്യില്‍ ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല.
ഞങ്ങള്‍ മദ്രാസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്‌ക്രിപ്റ്റ് പറയുന്നത്. എസ്.ടി.ഡിയില്‍ വിളിച്ച് പറയുമ്പോള്‍ ഞാന്‍ എഴുതിയെടുക്കും. പിന്നെ അത് ഫെയര്‍ കോപ്പി തയ്യാറാക്കിയാണ് ആ പടം ഷൂട്ട് ചെയ്തത്. ആളുടേത് ഡീറ്റെയില്‍ഡായ വണ്‍ലൈനാകും.
സീന്‍ വായിക്കുന്നത് പോലെയാകും ആള്‍ വണ്‍ലൈന്‍ പറയുന്നത്. പിന്നെ അടുത്ത ദിവസം ഏത് സീനാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ ആ ഷൂട്ടിന് എന്തൊക്കെ വേണം വേണ്ടെന്ന് ആള്‍ കൃത്യമായി പറയും. അതുകൊണ്ട് സ്‌ക്രിപ്റ്റ് ഇല്ലെങ്കിലും അതോര്‍ത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.
Content Highlight: The King’s Associate Director Talks About That Movie