Film News
ആ ചിത്രത്തില്‍ മമ്മൂക്ക പോക്കറ്റില്‍ വാക്കിടോക്കി വെച്ച് ഡയലോഗുകള്‍ പറഞ്ഞു: അസോസിയേറ്റ് ഡയറക്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 02, 03:42 am
Friday, 2nd February 2024, 9:12 am

ദി കിംഗ് സിനിമയില്‍ താന്‍ നടന്‍ മമ്മൂട്ടി പറഞ്ഞിട്ടാണ് വരുന്നതെന്ന് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. അതില്‍ ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകള്‍ ഉണ്ടായിരുന്നെന്നും തന്റെ ഇംഗ്ലീഷ് നല്ലതാണെന്ന് പറഞ്ഞാണ് മമ്മൂട്ടി തന്നെ ആ സിനിമയില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിക്ക് കൃത്യസമയത്ത് ഡയലോഗ് പ്രോംറ്റ് ചെയ്തു കൊടുക്കണമെന്നും ആ സിനിമയില്‍ ചില സീനൊക്കെ മമ്മൂട്ടി ഒറ്റ ഷോട്ടില്‍ എടുത്തിട്ടുണ്ടെന്നും വാസുദേവന്‍ ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ വെച്ചാണ് ശബ്ദമെടുക്കുന്നതെന്നും ചില ഷോട്ടുകള്‍ ലോങ്ങായത് കാരണം പ്രോംറ്റ് ചെയ്താല്‍ കേള്‍ക്കില്ലെന്നും അപ്പോള്‍ ഒരു വാക്കിടോക്കി മമ്മൂട്ടിയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ദി കിംഗ് സിനിമയില്‍ ഞാന്‍ മമ്മൂക്ക പറഞ്ഞിട്ടാണ് വരുന്നത്. അതില്‍ ഒരുപാട് ഇംഗ്ലീഷ് ഡയലോഗുകള്‍ ഉണ്ടായിരുന്നു. ‘ഞാനും ജി.കെയും തമ്മില്‍ നല്ല സിങ്കാണ്. അവന്റെ ഇംഗ്ലീഷ് നല്ലതാണ്. അവന്‍ പ്രോംറ്റ് ചെയ്താല്‍ എനിക്ക് കറക്റ്റായിട്ട് പറയാന്‍ പറ്റും’മെന്ന് പുള്ളി പറയുകയായിരുന്നു.

പക്ഷേ അദ്ദേഹത്തിന് നമ്മള്‍ കറക്റ്റ് ടൈമില്‍ പറഞ്ഞ് കൊടുക്കണം. ഈ പ്രോംറ്റ് ചെയ്യുന്നത് ഒരു കലയാണ്. വെറുതെ ഒരാള്‍ക്ക് പ്രോംറ്റ് ചെയ്ത് കൊടുക്കാന്‍ പറ്റില്ല. അതിന് ഒരു ടൈമിങ്ങുണ്ട്. അവരുടെ ലാസ്റ്റ് വേര്‍ഡ് കഴിയുമ്പോള്‍ ഇട്ടുകൊടുത്താല്‍ മാത്രമേ കറക്റ്റായിട്ട് അത് ക്യാച്ച് ചെയ്യാന്‍ കഴിയുകയുള്ളൂ.

ആ സിനിമയില്‍ ചില സീനൊക്കെ മമ്മൂക്ക ഒറ്റ ഷോട്ടില്‍ എടുത്തിട്ടുണ്ട്. അന്നൊക്കെ ടേപ്പ് റെക്കോര്‍ഡര്‍ വെച്ചാണ് സൗണ്ട് എടുക്കുന്നത്. അപ്പോള്‍ ചിലത് ലോങ്ങ് ആയിട്ടുള്ള ഷോട്ട് ആയിരിക്കും.

ആ സമയത്ത് പ്രോംറ്റ് ചെയ്താല്‍ കേള്‍ക്കണമെന്നില്ല. അപ്പോള്‍ നമ്മള്‍ വാക്കിടോക്കിയാണ് ഉപയോഗിക്കുക. ഇത് പുള്ളിയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കും. എന്നിട്ട് ഇതുവഴിയാണ് ഞാന്‍ പ്രോംറ്റ് ചെയ്തു കൊടുക്കുന്നത്,’ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

1995ല്‍ ദീപാവലിയില്‍ റിലീസായി 200 ദിവസത്തിലധികം തിയേറ്ററുകളില്‍ ഓടുകയും ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുകയും ചെയ്ത ചിത്രമായിരുന്നു ‘ദി കിംഗ്’.

ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജില്ലാ കളക്ടര്‍ ജോസഫ് അലക്സ് ഐ.എ.എസ് എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടിയെത്തിയത്. ഷാജി കൈലാസിന് വേണ്ടി ചിത്രത്തിന്റെ തിരക്കഥയെഴുതിയത് രണ്‍ജി പണിക്കറായിരുന്നു.


Content Highlight: The King Movie’s Associate Director  talks about prompte The dialogue for Mammootty