മിനപൊളിസ്: അമേരിക്കയില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ. ടൗ താവോ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് നാല് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചത്.
ഫ്‌ളോയ്ഡിനെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍ കഴുത്തില്‍ ചവിട്ടി കൊലപ്പടുത്തുമ്പോള്‍ രക്ഷിക്കാന്‍ വന്ന ദൃക്‌സാക്ഷികളെ തടഞ്ഞു നിര്‍ത്തിയിരുന്നുവെന്ന് അദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നു.
ഫ്‌ളോയിഡ് വധത്തില്‍ താവോ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹെനപിന്‍ കൗണ്ടി ജഡ്ജി പീറ്റര്‍ കാഹിലാണ് തിങ്കളാഴ്ച ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ശിക്ഷയില്‍ കൂടിയ ശിക്ഷയാണ് കോടതി തോവോയ്ക്ക് നല്‍കിയിരിക്കുന്നത്.
സാധാരണ ഇത്തരം കേസില്‍ നാല് വര്‍ഷമാണ് ശിക്ഷ നല്‍കാറുള്ളത്. എന്നാല്‍ താവോയുടെ അഭിഭാഷകനായ അറ്റോര്‍ണി റോബേര്‍ട്ട് പൗള്‍ ആവശ്യപ്പെട്ട 41 മാസത്തെ ശിക്ഷയും തള്ളിയാണ് 57 മാസത്തേക്ക് താവോയെ ശിക്ഷിച്ചിരിക്കുന്നത്. 177 പേജ് വരുന്ന വിധിയില്‍ താഹോയുടെ പ്രവര്‍ത്തികള്‍ യുക്തിരഹിതമായിരുന്നുവെന്നും കാഹില്‍ രേഖപ്പെടുത്തി.
‘ലഭിച്ച തെളിവുകള്‍ പ്രകാരം, പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ താഹോയുടെ പ്രവര്‍ത്തികള്‍ യുക്തിരഹിതമായിരുന്നു. തന്റെ ഓഫീസര്‍മാരെ തടയാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ ആരെയും ശിക്ഷിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഫ്‌ളോയിഡിന്റെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും താവോ വാദിച്ചു. ബൈബിളിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ച താവോ ഇയ്യോബും യേശുവും അനുഭവിച്ച ബുദ്ധിമുട്ടുകളെ മുന്‍ നിര്‍ത്തിയാണ് വാദിച്ചത്.
‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്റെ മനസാക്ഷിയില്‍ ഞാന്‍ കുറ്റക്കാരനല്ല. ഞാന്‍ ഒരു യൂദാസായി ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് എന്റെ ദൈവത്തെ ഒറ്റിക്കൊടുക്കുകയില്ല,’ താവോ പറഞ്ഞു.
താവോ കുടുംബമായി ജീവിക്കുന്ന വ്യക്തിയാണ് പറഞ്ഞ പൗള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സൂചിപ്പിച്ചു.
അതേസമയം ഫ്‌ളോയിഡിന്റെ അവസാനവാക്കുകള്‍ ലോകമെമ്പാടും പ്രതിധ്വനിച്ചുവെന്ന് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ എറിന്‍ എല്‍ബ്രിഡ്ജ് പറഞ്ഞു.
‘ഒമ്പത് മിനിട്ടാണ് ഫ്‌ളോയിഡ് ശ്വാസം മുട്ടി നിന്നത്. അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കുകയാണ് താവോ ചെയ്തത്. മറ്റുള്ളവര്‍ ഫ്‌ളോയിഡിനെ സഹായിക്കുന്നതില്‍ നിന്ന് വിലക്കിയത് താവോയാണ്. ആ ആള്‍ക്കൂട്ടത്തില്‍ അടിയന്തര മെഡിക്കല്‍ ടെക്‌നിഷ്യനും സി.പി.ആര്‍ നല്‍കാന്‍ സാധിക്കുന്നവരും ഉണ്ടായിരുന്നു,’ അവര്‍ പറഞ്ഞു.
2021 ജൂണില്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും ദുരുപയോഗം ചെയ്തതിനും ജോര്‍ജ് ഫ്ളോയ്ഡിനോട് ചെയ്ത ക്രൂരതയ്ക്കുമാണ് ഇത്രയും വര്‍ഷത്തെ തടവുശിക്ഷ വിധിക്കുന്നതെന്നാണ് അന്ന് കോടതി അറിയിച്ചത്.
വിചാരണക്കിടെ ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ കുടുംബത്തോട് അനുശോചനമറിയിച്ച ഡെറക് മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല.
വംശീയതക്കെതിരെ അമേരിക്കയും ലോകവും കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണം.
അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്കും ലോകം മുഴുവനും പടര്‍ന്നുപിടിച്ചു.
പ്രതിഷേധം ശക്തമായതോടെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്തത്.
CONTENT HIGHLIGHTS: the killing of George Floyd; Co-accused police officer jailed for 4 years