| Thursday, 18th May 2023, 4:18 pm

ദി കേരള സ്‌റ്റോറി; പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സുപ്രീം കോടതിയുടെ സ്റ്റേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്‌റ്റോറിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിലക്കിന് സ്‌റ്റേ നല്‍കിയത്.

സിനിമക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) സര്‍ട്ടിഫിക്കറ്റ് ഉള്ളത് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ക്രമസമാധാനം ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്തമുണ്ടെന്ന് കോടതി പറഞ്ഞു.

സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ അറിയാന്‍ സിനിമ കാണാനുള്ള തീരുമാനവും ബെഞ്ച് പരിഗണിക്കുമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തമിഴ്‌നാട്ടില്‍ നേരിട്ടോ അല്ലാതെയോ സിനിമക്ക് വിലക്കില്ലെന്ന്‌ തമിഴ്‌നാട് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അമിത് ആനന്ദ് തിവാരി അറിയിച്ചു.

തുടര്‍ന്ന് തമിഴ്‌നാട്ടില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് 32000 യുവതികളെ മതപരിവര്‍ത്തനം നടത്തി ഐസിസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന സിനിമയിലെ പരാമര്‍ശത്തെക്കുറിച്ചും കോടതി ചോദിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമ്പോള്‍ തന്നെ ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി സൂചിപ്പിച്ചു.

എന്നാല്‍ 32000 യുവതികള്‍ മതപരിവര്‍ത്തനം ചെയ്തതില്‍ ആധികാരികമായ ഡാറ്റ ലഭ്യമല്ലെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാള്‍വേ പറഞ്ഞു. മെയ് 20ന് ഇതിനെ സംബന്ധിച്ച് സിനിമയില്‍ ഡിസ്‌ക്ലൈമര്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൊതുസമാധാനം സംരക്ഷിക്കാനായിരുന്നു ഈ തീരുമാനമെന്ന് ബംഗാളിന് വേണ്ടി ഹാജരായ ഗോപാല്‍ ശങ്കരനാരായണ്‍ വാദിച്ചു.

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ബംഗാളില്‍ ചിത്രം നിരോധിച്ചത്. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന്റേയും ഭാഗമായിരുന്നു തീരുമാനം.

content highlight: The Kerala Story; Supreme Court stays the ban imposed by the West Bengal government

We use cookies to give you the best possible experience. Learn more