കേരള സ്റ്റോറി 200 വിദേശ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ചുവെന്ന അവകാശ വാദവുമായി അണിയറപ്രവര്‍ത്തകര്‍
വാഷിംങ്ടണ്‍: ഇന്ത്യയില്‍ റിലീസിന് ശേഷം വിവാദമുണ്ടാക്കിയ ‘ദി കേരള സ്റ്റോറി’ വിദേശത്ത് പ്രദര്‍ശിപ്പിച്ചുവെന്ന് അണിയറപ്രവര്‍ത്തകര്‍. യു.എസിലും കാനഡയിലുമായി 200 സ്‌ക്രീനുകളിലാണ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
സുദീപ്‌തോ സെന്നിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി മതം മാറി ഐസിസിലേക്ക് പോയ കഥയാണ് പറഞ്ഞത്. ട്രെയ്‌ലറിനൊപ്പം ചേര്‍ത്ത 32000 പെണ്‍കുട്ടികള്‍ എന്നത് വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് എന്നതിലേക്ക് മാറ്റിയിരുന്നു.
ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളാ സ്റ്റോറി സിനിമയിലെ സംഘപരിവാര്‍ പ്രൊപ്പഗണ്ടക്കെതിരെ തമിഴ് ആര്‍.ജെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. എന്തൊക്കെ അജണ്ട നിറച്ച് കേരളാ സ്റ്റോറി പോലെയുള്ള സിനിമകള്‍ ഇറക്കിയാലും സൗത്ത് ഇന്ത്യയില്‍ അത് ചെലവാകില്ലെന്നും, കേരളം എന്താണെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമാണ് ആര്‍.ജെ. അഞ്ജന എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വീഡിയോയിലൂടെ പറയുന്നത്.
ദി കേരള സ്റ്റോറിക്ക് ഫലമുണ്ടാക്കാന്‍ തുടങ്ങിയെന്ന് പറഞ്ഞ് പ്രശസ്ത ഫുഡ് വ്ളോഗര്‍ മൃണാള്‍ ദാസ് വേങ്ങലത്ത് പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ വെച്ച് സംസാരിച്ച സ്ത്രീ താന്‍ കേരളത്തില്‍ നിന്നുമുള്ള ആളാണെന്ന് പറഞ്ഞപ്പോള്‍ പിന്നെ തന്നോട് സംസാരിച്ചില്ലെന്നും കാരണം ചോദിച്ചപ്പോള്‍ കേരള സ്‌റ്റോറി സിനിമയെ പറ്റിയാണ് പറഞ്ഞതെന്നും മൃണാള്‍ ദാസ് പറഞ്ഞു.
കേരള സ്റ്റോറിയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ് രംഗത്തെത്തിയതും വലിയ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ നിന്നും 32000 പെണ്‍കുട്ടികളെ മതം മാറ്റി ഐ.എസ്.ഐ.എസിലേക്ക് ചേര്‍ത്തുവെന്ന് ആദ്യം പറഞ്ഞവര്‍ പിന്നീട് അത് മൂന്നാക്കിയെന്നും ഇതിന്റെ അര്‍ത്ഥമെന്താണെന്നുമാണ് ടൊവിനോ ചോദിച്ചത്.
കേരളത്തിന്റെ സ്റ്റോറി ഇതല്ലെന്നും അത് താന്‍ സമ്മതിച്ച് തരില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. പ്രളയകാലത്ത് സ്‌നേഹം കൊണ്ടും കരുണ കൊണ്ടും ഒരുമിച്ച് നിന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നും അന്ന് രാഷ്ട്രീയ പാര്‍ട്ടികളോ മതങ്ങളോ ആരേയും വിഭജിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലെന്നും ടൊവിനോ പറഞ്ഞു.