കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന ആരോപണത്തിന് വിധേയമായ ദി കേരള സ്‌റ്റോറിയെന്ന ഹിന്ദി സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ വലിയ രീതിയിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വാസ്തവ വിരുദ്ധമായ ഉള്ളടക്കമാണ് ടീസറിലുള്ളതെന്നായിരുന്നു പ്രധാന വിമര്‍ശനം.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ട്രെയ്‌ലറും അത്തരത്തില്‍ വാസ്തവ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. ഇസ്‌ലാമോഫോബിക്കായിട്ടുള്ള തീവ്ര വലതുപക്ഷ നിലപാടാണ് സിനിമ മുന്നോട്ട് വെക്കുന്നത്. കേരളത്തില്‍നിന്ന് 32,000 സ്ത്രീകളെ നിര്‍ബന്ധപൂര്‍വം മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ സിറിയയിലേക്കും യമനിലേക്കും അയച്ചെന്ന ആരോപണമാണ് കേരളാ സ്റ്റോറിയുടെ ടീസര്‍ മുന്നോട്ട് വെച്ചത്.
വാസ്തവ വിരുദ്ധമായ ഇത്തരം ആരോപണങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ട്രെയ്‌ലര്‍. ശാലിനി എന്ന കഥാപാത്രം തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെണ്‍വാണിഭ സംഘത്തില്‍ എത്തിയതിന് പിന്നാലെ ഫാത്തിമയായി ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിതയാകേണ്ടി വന്നു എന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
വിപുല്‍ അമൃത് ലാല്‍ നിര്‍മിച്ച ചിത്രം സുദീപ്തോ സെന്‍ ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അദാ ശര്‍മയാണ്.
അതേസമയം ദി കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി അനുരാഗ് സിങ് ഠാക്കൂറിനും ജോണ്‍ ബ്രിട്ടാസ് എം.പി അന്ന് കത്തയച്ചിരുന്നു. ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.