ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് കുഴപ്പം; ചരിത്രമൊന്നുമല്ലല്ലോ, സാങ്കല്‍പിക സിനിമയല്ലേ: ഹൈക്കോടതി
Kerala
ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ എന്താണ് കുഴപ്പം; ചരിത്രമൊന്നുമല്ലല്ലോ, സാങ്കല്‍പിക സിനിമയല്ലേ: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th May 2023, 12:36 pm

കൊച്ചി: ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളുമെന്നും ഹൈക്കോടതി. ഇതൊരു ചരിത്രപരമായ സിനിമ അല്ലല്ലോയെന്നും കോടതി ചോദിച്ചു.

കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് നഗരേഷ്, സോഫി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

‘ഇത്തരത്തിലൊരു ചിത്രം എങ്ങനെയാണ് സമൂഹത്തിന് എതിരാകുന്നത്. നിയമാനുസൃത സംവിധാനത്തിലൂടെ ഇതിന്റെ പരിശോധനകള്‍ കഴിഞ്ഞതാണ്. സെന്‍സര്‍ ബോര്‍ഡ് സിനിമ വിലയിരുത്തിയതുമാണ്’, കോടതി പറഞ്ഞു.

ഇതൊരു സാങ്കല്‍പ്പിക ചിത്രമാണ്. അതിന്റെ കഥാപരിസരം സാങ്കല്‍പിക പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നതാണ്. ചരിത്രപരമല്ലാത്ത സിനിമ ആയത് കൊണ്ട് തന്നെ സിനിമയുടെ പ്രദര്‍ശനം എങ്ങനെ കുറ്റകരമാകുമെന്നും കോടതി ചോദിച്ചു.

രാജ്യത്തെ നിയമമനുസരിച്ച് ഏതൊരാള്‍ക്കും തന്റെ മതത്തില്‍ വിശ്വസിക്കാനും ആ മതത്തിലെ ദൈവമാണ് ഏക ദൈവമെന്ന് വിശ്വസിക്കാനും, ആ മതം പ്രചരിപ്പിക്കുന്നതിനും അവകാശമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ അല്ലാഹുവാണ് തന്റെ ദൈവമെന്ന് പറയുന്നത് അടക്കമുള്ള കാര്യങ്ങള്‍ എങ്ങനെയാണ് കുറ്റകരമാകുക, കോടതി ചോദിച്ചു.

ചിത്രം ഏതു തരത്തിലാണ് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുന്നത്. ഇസ്ലാം മതത്തിനെതിരെ ട്രെയ്ലറില്‍ പരാമര്‍ശമൊന്നുമില്ലലോ, ഐ.എസിന് എതിരെയല്ലെ പരാമര്‍ശമെന്നും കോടതി ചോദിച്ചു. ഇത്തരം സംഘടനകളെ പറ്റി എത്രയോ സിനിമകളില്‍ ഇതിനകം വന്നിരിക്കുന്നു. ഇപ്പോള്‍ മാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.

ഹിന്ദു സന്യാസിമാര്‍ക്കെതിരെയും ക്രിസ്ത്യന്‍ വൈദികര്‍ക്കെതിരെയും മുന്‍പ് പല സിനിമകളിലും പരാമര്‍ശമുണ്ടായിട്ടുണ്ട്. ഫിക്ഷന്‍ എന്ന നിലയിലാണ് അന്നെല്ലാം ആ സിനിമകളെ കണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി. പൂജാരി വിഗ്രഹത്തില് തുപ്പുന്ന സിനിമ പ്രദര്ശിപ്പിച്ചിട്ട് ഒന്നും സംഭവിക്കാത്ത നാടാണ് കേരളം. ആ സിനിമ പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സമൂഹം മതേതരമാണെന്നും കോടതി പറഞ്ഞു.

എന്നാല്‍ സിനിമയുടെ ട്രെയ്ലര്‍ ട്രൂ സ്റ്റോറി എന്ന നിലയിലാണെന്ന് ഹരജിക്കാര്‍ വാദിച്ചു. സിനിമ പ്രദര്‍ശിപ്പിച്ചത് വഴി ഏതെങ്കിലു വര്‍ഗീയ ധ്രുവീകരണമോ സംഘര്‍ഷമോ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ടോയെന്ന് ഇതിന് മറുപടിയായി കോടതി ചോദിച്ചു.

കോടതിയില്‍ ഇപ്പോഴും വാദം തുടരുകയാണ്. സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷന്ത് ദവെ അടക്കമുളള അഭിഭാഷകരാണ് ഹരജിക്കാരന് വേണ്ടി ഹാജരായിരിക്കുന്നത്.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി കേരള സ്റ്റോറി. ഐ.എസ് റിക്രൂട്ട്‌മെന്റിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തിലെ നാല് സ്ത്രീകളെ പിന്തുടരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ ശര്‍മ, യോഗിത ബിഹാനി, സോണിയ ബാലാനി,സിദ്ധി ഇദ്നാനി എന്നിവരാണ് അഭിനേതാക്കള്‍. ട്രെയ്ലര്‍ റിലീസിന് പിന്നാലെ കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതുവലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.

Content Highlight: The Kerala Story Movie Highcourt Verdict