| Thursday, 18th May 2023, 6:33 pm

'ദി കേരള സ്റ്റോറി'യിലൂടെ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ബി.ജെ.പി പ്രൊപഗണ്ട പരാജയമാണ്: അധീര്‍ രഞ്ജന്‍ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: സിനിമകളിലൂടെ സമൂഹത്തെ ധ്രുവീകരിക്കാനുള്ള സംഘപരിവാര്‍ പ്രൊപഗണ്ട പരാജയപ്പെട്ടെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. ബംഗാളിലെ തീയേറ്ററുകളിലുള്ള ‘ദി കേരള സ്റ്റോറി’യുടെ നിരോധനം സുപ്രീം കോടതി പിന്‍വലിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദി കശ്മീര്‍ ഫയല്‍സി’ലൂടെ സമൂഹത്തെ ധ്രുവീകരിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ‘ജനങ്ങള്‍ ബോധവാന്മാരായിക്കഴിഞ്ഞതിനാല്‍ ‘ദി കേരള സ്റ്റോറി’യിലും അവര്‍ പരാജയപ്പെടുമെന്ന് ഞാന്‍ കരുതുന്നു, കര്‍ണാടക തെരഞ്ഞെടുപ്പ് ഇതിന് ഉത്തമ ഉദാഹരണമാണ്,’ ചൗധരി പറഞ്ഞു.

സിനിമയിലൂടെ ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചിത്രത്തിന് നികുതി ഒഴിവാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു. ‘രാജ്യത്തെ വിപ്ലവ നേതാക്കളുമായി ബന്ധപ്പെട്ട സിനിമകളൊന്നും അവര്‍ പ്രദര്‍ശിപ്പിക്കില്ല. കേരള സ്റ്റോറിക്ക് മാത്രമായി നികുതി ഒഴിവാക്കുന്നതിന് കാരണം അവര്‍ക്ക് ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാനാകും എന്നതിനാലാണ്.

സമൂഹത്തില്‍ വിഭജനവും ധ്രുവീകരണവുമൊക്കെ നടക്കുന്നുണ്ടെന്നത് സത്യമാണ്. ജനങ്ങള്‍ സ്വയം ബോധവാന്മാരാകുകയാണ് വേണ്ടത്. ഇപ്പോള്‍ സിനിമകളെ തടയാനാകില്ല. ഇത് ഡിജിറ്റല്‍ യുഗമാണ്. നിങ്ങള്‍ക്കും എനിക്കുമൊന്നും സത്യത്തെ തടഞ്ഞുവെക്കാനാകില്ല. ഇന്ത്യയിലെ സാധാരണക്കാരായ ആളുകള്‍ക്ക് ഇവിടെ ജീവിക്കണമെങ്കില്‍ തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കേണ്ടി വരും,’ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

മെയ് അഞ്ചിന് റിലീസായ, കേരളത്തിനെതിരായ പ്രൊപഗണ്ടയുള്ള ഈ ചിത്രത്തിന്റെ പ്രദര്‍ശനം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. സമാനമായ നിരോധനം തമിഴ്‌നാട്ടിലും ഏര്‍പ്പെടുത്തിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ചിരുന്നു.

content highlights: ‘The Kerala Story’ and ‘The Kashmir Files’ free of cost because then bJP will be able to do divisive politics

We use cookies to give you the best possible experience. Learn more