മഴവില്‍ പ്രഭചൊരിഞ്ഞ് കോഴിക്കോട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന പ്രഖ്യാപനം
Daily News
മഴവില്‍ പ്രഭചൊരിഞ്ഞ് കോഴിക്കോട് ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th August 2016, 1:43 pm

കോഴിക്കോട്: വിമത ലൈംഗികതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര കോഴിക്കോട് നടന്നു. കോഴിക്കോട് കടപ്പുറത്ത് നടന്ന ഘോഷയാത്ര ക്വിയര്‍ പ്രൈഡ് കേരളമാണ് സംഘടിപ്പിച്ചത്.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അവരെ പിന്തുണയ്ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും സാന്നിധ്യം ഘോഷയാത്രയുടെ മാറ്റുകൂട്ടി. മഴവില്‍ നിറങ്ങള്‍ വാരിവിതറി നൃത്തച്ചുവടുകളുമായി അവര്‍ കോഴിക്കോട് കടപ്പുറത്ത് നിറഞ്ഞുനിന്നു.

ബീച്ചില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ആറുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരമൊരു ഘോഷയാത്ര ജനങ്ങള്‍ മനസ്സുകൊണ്ട് ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ക്വിയര്‍ ആക്ടിവിസ്റ്റ് സുമതി മൂര്‍ത്തി ഫ്‌ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് ബാന്റ്‌മേളവും നൃത്തച്ചുവടുകളുമായി മാനാഞ്ചിറ വഴി കോഴിക്കോട് നഗരം ചുറ്റി. “എന്റെ ലൈംഗികത എന്റെ അവകാശം, സ്വവര്‍ഗാനുരാഗികളെ കുറ്റവാളികളാക്കുന്ന ഐ.പി.സി 377ാം വകുപ്പ് പിന്‍വലിക്കുക, ആണത്തത്തിന്റെയും പെണ്ണത്തത്തിന്റെയും ലക്ഷണശാസ്ത്രത്തില്‍ ഒതുങ്ങുന്നതല്ല മനുഷ്യജീവിതകള്‍” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സ്വാഭിമാന യാത്ര.

ഘോഷയാത്ര ടാഗോര്‍ ഹാളില്‍ സമാപിച്ചു. സമാപന സമ്മേളനം ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ലക്ഷ്മി നാരായണന്‍ ത്രിപാഠി ഉദ്ഘാടനം ചെയ്തു. കലക്ടര്‍ എന്‍ പ്രശാന്ത് മുഖ്യ അതിഥിയായി. “സംഘടിത” മാസികയുടെ “പ്രൈഡ്” പതിപ്പ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. കെ. അജിത, രേഷ്മ ഭരദ്വാജ്, ഡോ. ജിജോ കുര്യാക്കോസ്, ചിഞ്ചു അശ്വതി, ശീതള്‍, ശരത് ചേലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വാഭിമാന ഘോഷയാത്രയുടെ ഭാഗമായി ചിത്രപ്രദര്‍ശനം, സെമിനാറുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു.

ആന്റി എല്‍.ജി.ബി.ടി ഹരാസ്‌മെന്റ് സെല്‍ രൂപീകരിക്കുമെന്ന് കലക്ടര്‍

ആന്റി വുമണ്‍സ് ഹരാസ്‌മെന്റ് സെല്‍ മാതൃകയില്‍ ആന്റി എല്‍.ജി.ബി.ടി ഹരാസ്‌മെന്റ് സെല്‍ നിര്‍മ്മിക്കുമെന്ന് കലക്ടര്‍ എന്‍. പ്രശാന്ത്. സ്വാഭിമാന ഘോഷയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍.ജി.ബി.ടി പ്രവര്‍ത്തകര്‍, എന്‍.ജി.ഒകള്‍, പോലീസ് സംവിധാനം എന്നിവ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന സെല്ലിന്റെ ചെയര്‍മാന്‍ കലക്ടറായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കലക്ടറുടെ ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് ടാഗോര്‍ ഹാളില്‍ അണിനിരന്നവര്‍ സ്വീകരിച്ചത്.