| Thursday, 12th September 2024, 10:05 am

ചട്ടമനുസരിച്ച് വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്താനാകില്ല; സര്‍ക്കാരിനെതിരെ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമങ്ങള്‍ക്കനുസൃതമായി കൂളിങ് ഫിലിം പതിപ്പിച്ചതില്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. അംഗീകൃതമായ വ്യവസ്ഥകള്‍ പ്രകാരം മോട്ടോര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് നിരീക്ഷണം. സേഫ്റ്റി ഗ്ലാസുകളില്‍ വാഹന ഉടമകള്‍ സുരക്ഷാ ഗ്ലേസിങ് ഉപയോഗിക്കുന്നതിനെതിരായ സംസ്ഥാനത്തിന്റെ ശിക്ഷാ നടപടികളെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി

വാഹനങ്ങളില്‍ സേഫ്റ്റിഗ്ലേസിങ് ഘടിപ്പിക്കാന്‍ വാഹനത്തിന്റെ നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, വാഹനഉടമകള്‍ക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുണ്ട്.

സേഫ്റ്റി ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇരുവശങ്ങളിലെയും സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നും മോട്ടര്‍ വാഹനചട്ടത്തില്‍ പറയുന്നു.

ഭേദഗതി ചെയ്യപ്പെട്ട ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി. 2021 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് റൂള്‍സിലെ, റൂള്‍ 100ലെ ഭേദഗതി പ്രകാരം സുരക്ഷാ ഗ്ലേസിംഗ് അനുവദനീയമാണെന്ന് കോടതി വ്യക്തമാക്കി. കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനോ എം.വി.ഡി ഉദ്യോഗസ്ഥർക്കോ പിഴ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു.

മോട്ടോര്‍ വാഹന ചട്ടം പാലിക്കുന്നില്ലെന്ന് ആരോപിച്ച് എം.വി.ഡി ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയെന്നാണ് ഹരജിക്കാരന്‍ പറയുന്നത്. ഗ്ലേസിങ് ഉള്‍പ്പെടെയുള്ള വാഹന ആക്‌സസറീസുകള്‍ വിപണിയിലെത്തിക്കുന്ന ഒരു കടയുടമയും സമാനമായ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം.വി.ഡിയെ വിമര്‍ശിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ഇതിനോടകം നിര്‍മാണം പൂര്‍ത്തിയായി വിപണിയിലെത്തിയ സുരക്ഷാ ഗ്ലാസുകളില്‍ ഗ്ലേസിങ് സാമഗ്രികള്‍ ഘടിപ്പിക്കുന്നവര്‍ക്ക് മാത്രമേ പിഴ ചുമത്താവൂ എന്ന സംസ്ഥാനത്തിന്റെ വാദവും കോടതി തള്ളി.

Content Highlight: The Kerala High Court said that vehicles cannot be fined for installing cooling film as per the rules

We use cookies to give you the best possible experience. Learn more