| Saturday, 16th March 2024, 8:19 pm

സി.എ.എ ചട്ടങ്ങള്‍ പുറത്തിറക്കിയ കേന്ദ്രത്തിന്റെ നടപടി സ്റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എ.എ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരള സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കേരളത്തിന്റെ ഹരജി. സി.എ.എ ചട്ടങ്ങള്‍ പുറത്തിറക്കിയ നടപടി സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

മുസ്‌ലിം വിഭാഗത്തിന് ഒഴികെ മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നേടാന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. സി.എ.എ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിന് എതിരാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിന്റെയടക്കം സി.എ.എയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും ചൊവ്വാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

അതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത, സി.എ.എ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും എന്നത് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 835ല്‍ 629 കേസുകള്‍ ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അപേക്ഷ നല്‍കിയാല്‍ കേസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlight: The Kerala government filed a petition in the Supreme Court against the implementation of the CAA

We use cookies to give you the best possible experience. Learn more