| Tuesday, 26th June 2018, 5:12 pm

ലാഭനഷ്ടങ്ങളുടെ കോര്‍പറേറ്റ് കണ്ണുകൊണ്ട് നോക്കുമ്പോള്‍ കോണ്‍ക്രീറ്റ് കാടാകുന്ന വയല്‍നിലങ്ങള്‍

ജംഷീന മുല്ലപ്പാട്ട്

വയലുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷക്കും പരിസ്ഥിതി സന്തുലനാവസ്ഥക്കും കോട്ടം തട്ടുമെന്ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രത്തില്‍ പറഞ്ഞിട്ടുള്ളതാണ്.

നമ്മുടെ വിളകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിച്ചുകൊണ്ടുമാത്രമേ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കേരളത്തിലെ അതിലോല പരിസ്ഥിതി ആവാസ മേഖലയായ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെ കുറിച്ചും ധവളപത്രത്തില്‍ പ്രതിബാധിക്കുന്നുണ്ട്.

എന്നാല്‍ ഇതിനെല്ലാം വിപരീതമായാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ നിയമസഭയില്‍ പാസാക്കിയത്. 2008 ആഗസ്റ്റ് 11നാണ് കേരളത്തില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നത്.

നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടെയും വ്യാപ്തി ആശങ്കാജനകമായി കുറഞ്ഞതാണ് അന്ന് അധികാരത്തിലിരുന്ന വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാരിന് ഇങ്ങനെയൊരു നിയമം കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.


Also Read നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി


ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നത് ആറുമാസം മുതല്‍ രണ്ടുകൊല്ലം വരെ തടവുലഭിക്കുന്ന ക്രിമിനല്‍ കുറ്റക്രുത്യമായും ഇടതു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു.

നെല്‍കൃഷി ചെയ്യുന്നതോ, ചെയ്തിരുന്നതോ, ഭാവിയില്‍ ചെയ്യാന്‍ പോകുന്നതോ ആയ സ്ഥലങ്ങളെയാണ് ഈ നിയമത്തില്‍ നെല്‍വയലുകള്‍ എന്ന് വിവക്ഷിച്ചിരിക്കുന്നത്.

2008ലെ നിയമത്തിലെ പ്രധാന ഭാഗങ്ങള്‍

കേരളത്തിലെ വയലുകള്‍ സംബന്ധിച്ചു ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ ശാസ്ത്രീയമായ ഭൂപടം തയ്യാറാക്കും

വീടുവെക്കാന്‍ പഞ്ചായത്ത് പ്രദേശത്ത് 10 സെന്റ് വരേയും മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രദേശത്ത് അഞ്ചുസെന്റ് വരേയും നികത്താം.

നിയമം നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനതല സമിതിയില്‍ നെല്‍കൃഷി ശാസ്ത്രജ്ഞനുമുണ്ടാവും. കാര്‍ഷികോത്പാദന കമ്മിഷണര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍, പരിസ്ഥിതി വിദഗ്ധന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

നിലം പരിവര്‍ത്തനപ്പെടുത്താനോ രൂപാന്തരപ്പെടുത്താനോ പാടില്ല. അവ തരിശായി ഇടാനും പാടില്ല.

നെല്‍കൃഷി നടത്താന്‍ താല്‍പര്യമില്ലാത്ത ഉടമയ്ക്ക് വയല്‍ തദ്ദേശ സ്ഥാപനങ്ങളെ പരമാവധി രണ്ടുവര്‍ഷത്തേയ്ക്ക് ഏല്‍പ്പിക്കാം.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 2015ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 2008നു മുമ്പ് നികത്തിയ വയലുകള്‍ പറമ്പായി പതിച്ചുകൊടുക്കാം എന്നായിരുന്നു ഭേദഗതി.

ഈ ഭേദഗതി പ്രകാരം കരഭൂമിയുടെ 25% ന്യായവില അടച്ചാല്‍ 2008ന് മുമ്പ് നികത്തിയ വയല്‍ പറമ്പായി പതിച്ചു കൊടുക്കുന്നതാണ്. എന്നാല്‍ ഈ ഇളവ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലെറിയപ്പോള്‍ എടുത്തുകളഞ്ഞു.

നെല്‍വയലുകളുടേയും നീര്‍ത്തടങ്ങളുടേയും നാശം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പിറവി.

നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കര, വയല്‍ ഭൂമികളെ വേര്‍തിരിച്ചുകൊണ്ടുള്ള ഡാറ്റാ ബാങ്ക് നിയമം പ്രാബല്യത്തില്‍ വന്ന് പത്തു വര്‍ഷമായിട്ടും വിജ്ഞാപനം ചെയ്യാനായിട്ടില്ല. ഒരുരീതിയിലും സര്‍ക്കാരുകള്‍ ഇതിനുവേണ്ടി ശ്രമിച്ചിട്ടില്ല എന്നുതന്നെ പറയാം.


Also Read കുമ്മനത്തിനെ അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചതിന് അസഭ്യവര്‍ഷം; ‘ഇനിയും നടപടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും: ശ്രീജ നെയ്യാറ്റിന്‍കര


വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം തടസമാണെന്ന് എന്ന് പറഞ്ഞു നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ 2017 മുതലെ ഇടതു സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ എന്ന പേരില്‍ കൂട്ടഭേദഗതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. വ്യവസായങ്ങള്‍ തുടങ്ങുന്നത് ഉള്‍പ്പെടെ പൊതു ആവശ്യങ്ങള്‍ക്ക് വയല്‍ നികത്താന്‍ അനുവദിക്കണം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.

വ്യവസായ സൗഹൃദ സൂചികയില്‍ കേരള സര്‍ക്കാര്‍ വളരെ പിന്നിലാണെന്ന് പറഞ്ഞായിരുന്നു നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നത്. 2017 ഡിസംബര്‍ 26ന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്നതാണ് ഭേഗദതി. എന്നാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് നെല്‍വയല്‍ നികത്താം. അതിന് പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമില്ല.

മന്ത്രിസഭയ്ക്ക് ഇക്കാര്യം നേരിട്ട് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. ഭേഗദതി നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വയല്‍ നികത്തുന്നതിന് നിയമത്തില്‍ ഇളവ് ലഭിക്കും.

സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്കായി നെല്‍വയല്‍ നികത്തുന്നതിന് മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകും. ഇങ്ങനെയാകുമ്പോള്‍ സര്‍ക്കാരിനു താല്‍പര്യമുള്ള സ്വാകാര്യ വ്യവസായ സംരംഭങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ വയലുകള്‍ നികത്താം.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ പ്രധാന വാഗ്ദാനമായിരുന്നു ഉപഗ്രഹത്തിന്റെ സഹായത്തോടെ വയലുകളുടെ ഡാറ്റാബാങ്ക് ഉണ്ടാക്കി ആറുമാസത്തിനകം പ്രസിദ്ധീകരിക്കും എന്നത്.

ഇത് ജനകീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി ഒരു വര്‍ഷത്തിനകം കുറ്റമറ്റ ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുമെന്നും പ്രകടനപത്രിക ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തു. എന്നാല്‍ അധികാരത്തിലേറി രണ്ടുവര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

മാത്രമല്ല കുറ്റമറ്റരീതിയില്‍ ഡാറ്റാബാങ്ക് പുറത്തിറക്കുന്നത് സംബന്ധിച്ച് ഒരുകാര്യവും പുതിയ ഭേദഗതിയില്‍ ഇല്ല. കൂടാതെ നെല്‍കൃഷി മൂന്നു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിച്ച് നെല്ലുല്‍പ്പാദനം 10 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തും അതിനായി അരിശ്രീ എന്ന പദ്ധതി കൊണ്ടുവരും. ഇതും പ്രകടനപത്രികയിലെ വാഗ്ദാനമാണ്.


Also Read സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യ; ഓരോ മണിക്കൂറിലും ബലാത്സംഗം ചെയ്യപ്പെടുന്നത് നാല് സ്ത്രീകളെന്ന് തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്


കേരളത്തിന്റെ പ്രധാന ഭക്ഷ്യവിള നെല്ലാണ്. 1960ല്‍ 7.6 ലക്ഷം ഹെക്ടറില്‍ ആയിരുന്നു കേരളത്തില്‍ നെല്‍കൃഷി ഉണ്ടായിരുന്നത്. 70കള്‍ ആയപ്പോഴേക്കും 8.8 ലക്ഷം ഹെക്ടറായി കൃഷി വര്‍ധിച്ചു.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം പിടിമുറുക്കിയ 90കള്‍ മുതല്‍ കൃഷി 5.6 ലക്ഷം ഹെക്ടറായി ചുരുങ്ങി. 2000-2001ല്‍ അത് 3.20 ലക്ഷം ഹെക്ടറും നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കുമ്പോള്‍ അത് 2.3 ലക്ഷം ഹെക്ടറുമായി കുറഞ്ഞു.

ബാക്കിയുള്ള വയലുകളെല്ലാം നികത്തപ്പെട്ടു. ഇന്ന് നെല്‍കൃഷി ഏകദേശം 1.85 ലക്ഷം ഹെക്ടറില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 50 വര്‍ഷങ്ങള്‍കൊണ്ട് ഉണ്ടായ മാറ്റമാണിത്. ഈ കണക്ക് ഞെട്ടിക്കുന്നതാണ്.

നെല്‍ കൃഷിയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടും പാലക്കാടും മുക്കാല്‍ഭാഗവും തരിശായി. വയലുകളുടെയും നീര്‍ത്തടങ്ങളുടെയും ശോഷണം ഭൂഗര്‍ഭ ജല ലഭ്യതയെ കാര്യമായി ബാധിച്ചു. ആയതുകൊണ്ട് ഇപ്പോള്‍ നിലവിലുള്ള കൃഷിതന്നെ വരള്‍ച്ചാ ഭീഷണി നേരിടുകയാണ്.

ലാഭനഷ്ടങ്ങളുടെ കോര്‍പറേറ്റ് കണ്ണിലൂടെയാണ് സര്‍ക്കാര്‍ നെല്‍പ്പാടങ്ങളേയും തണ്ണീര്‍ത്തടത്തേയും നോക്കിക്കാണുന്നത്. അതാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

2018ല്‍ വരുത്തിയ പ്രധാന ഭേദഗതികള്‍

നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു വിഭാഗം കൂടി കൂട്ടിച്ചേര്‍ത്തു. അതായത് ഡേറ്റാബാങ്ക് വഴി വിജ്ഞാപനം ചെയ്യപ്പെട്ടിട്ടില്ലാത്ത വയലുകള്‍ നികത്താം എന്ന്. എന്നാല്‍ ഇതുവരെ ഡേറ്റാബാങ്ക് തയ്യാറാക്കിയിട്ടില്ല.

നിലവില്‍ നിലം നികത്തി വീടുവയ്ക്കാനുള്ള അപേക്ഷയില്‍ ശുപാര്‍ശ നല്‍കേണ്ടത് പ്രാദേശിക നിരീക്ഷണ സമിതികളാണ്. ഈ അധികാരം എടുത്തുകളയും

നെല്‍വയല്‍-തണ്ണീര്‍ത്തട നികത്തല്‍മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.

പൊതു ആവശ്യങ്ങള്‍ക്ക് നികത്തലാകാം. നിലവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നികത്തലിന് അനുമതി ലഭിക്കുക. ഭേദഗതി നിലവില്‍വന്നാല്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു സമിതിയുടെ റിപ്പോര്‍ട്ട് മതി.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളില്‍ മാറ്റം വരുത്താന്‍ ആര്‍.ഡി.ഒമാര്‍ക്ക് അധികാരം നല്‍കും.

നിലംനികത്തലിനെതിരെ പരാതി നല്‍കാന്‍ 500 രൂപ കെട്ടിവയ്ക്കണം.

സങ്കട നികുതി: ഭേദഗതിയില്‍ 27ആം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി പരിവര്‍ത്തനം ചെയ്യാനുള്ള അനുമതിക്കായി ഭൂവുടമയ്ക്ക് ആര്‍.ഡി.ഓയെ സമീപിക്കാം. അദ്ദേഹം പരിശോധിച്ച് ഉത്തരവിറക്കുകയും അതില്‍ സങ്കടമനുഭവിക്കുന്നവര്‍ക്ക് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 5000 രൂപ ഫീസും സഹിതം അപ്പീല്‍ സമര്‍പ്പിക്കാം എന്നാണ് വ്യവസ്ഥ. നിലം നികത്താനുള്ള അനുമതി നല്‍കാന്‍ ആര്‍.ഡി.ഒയെ ചുമതലപ്പെടുത്തുന്നു എന്ന് മാത്രമല്ല, അതില്‍ പരാതി ഉന്നയിക്കാനുള്ള അവസരങ്ങള്‍ തന്നെ ഏറെക്കുറെ ഇല്ലാതാക്കുന്നു.


Also Read തിരുവണ്ണാമലയില്‍ സമരം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാതൃഭൂമി റിപ്പോര്‍ട്ടറെ അറസ്റ്റു ചെയ്തു: അറസ്റ്റ് ഉന്നതരുടെ നിര്‍ദേശപ്രകാരമെന്ന് പൊലീസ്


ഈ ഭേദഗതികള്‍ നടപ്പാക്കിയാല്‍ വയല്‍നികത്തല്‍ വ്യാപകമായി നടക്കും. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഏതു നികത്തലും ക്രമപ്പെടുത്താനും പറ്റും. ഫലത്തില്‍ ഇത് ഗുണം ചെയ്യുക സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള സ്വകാര്യ വ്യവസായങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ്.

ആറന്മുള വിമാനത്താവളം, ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാത വികസനം തുടങ്ങിയ സര്‍ക്കാരിന്റെ പദ്ധതികള്‍ തടസ്സമില്ലാതെ നടപ്പാകും. മലബാര്‍ ഗോള്‍ഡ്, ലുലു പോലെയുള്ള വന്‍കിട വ്യവസായികളുടെ മുന്നിലുള്ള തടസ്സങ്ങളിലൊന്ന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം- 2008 ആയിരുന്നു.

ഭേദഗതി വരുത്തിയതോട് കൂടി വ്യവസായികള്‍ക്ക് വളരെ എളുപ്പത്തില്‍ വയലുകള്‍ നികത്താന്‍ പറ്റും. കൂടാതെ ഫ്ലാറ്റ് നിര്‍മാണം, ടൌണ്‍ഷിപ്പ് നിര്‍മാണം തുടങ്ങിയവയക്കും പെട്ടെന്നുതന്നെ അനുമതി ലഭിക്കും.

പൊതു ആവശ്യങ്ങള്‍ക്ക് നെല്‍വയല്‍ പരിവര്‍ത്തന വിധേയമാക്കാം എന്ന ഭേദഗതിയില്‍ വന്‍അപകടം പതിയിരിപ്പുണ്ട്. ഏതു ആവശ്യവും പൊതു ആവശ്യം എന്നതിന്റെ പരിധിയില്‍ കൊണ്ടുവരാം. പൊതുആവശ്യം എന്ന നിര്‍വചനം ദുര്‍ബലമാണ്.

സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഏതുകാര്യവും പൊതു ആവശ്യമായി നിര്‍വചിക്കാന്‍ കഴിയും. ഡാറ്റാബാങ്ക് കാര്യക്ഷമാമായാല്‍ പോലും പൊതു ആവശ്യപ്രകാരം കേരളത്തിലെ നെല്‍വയലുകള്‍ ഇല്ലാതാക്കുന്ന സാഹചര്യം ഉണ്ടാകും. ഇതും ഗുണം ചെയ്യുക വ്യവസായികള്‍ക്കും റിയല്‍ എസ്റ്റേറ്റ് വമ്പന്മാര്‍ക്കുമാണ്.

കേരളത്തിലെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഇനിയും വിജ്ഞാപനം ചെയ്യപ്പെടാതെയുണ്ട്. ഈ ഭൂമി നികത്തുന്നതിന് ഇനി തടസ്സമൊന്നുമില്ലാതാകും. നിലം എന്നു രേഖപ്പെടുത്തിയാല്‍ പോലും വിജ്ഞാപനം ചെയ്യപ്പെടാത്തതാണെങ്കില്‍ നികത്തലിന് തടസ്സമില്ല.

കാര്‍ഷിക വൃത്തികൊണ്ട് ജീവിതം പുലര്‍ത്തിയിരുന്ന ജനത കേരളത്തില്‍ ഉണ്ടായിരുന്നു. നെല്‍വയലുകളുടെ ശോഷണം മൂലം ഭൂരിഭാഗം കര്‍ഷകരും കൃഷി ഉപേക്ഷിച്ചു. മാത്രമല്ല പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിലും കാര്യമായ മാറ്റമുണ്ടായി. നിയമം ഭേദഗതി ചെയതതോടുകൂടി അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയുന്നത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more