national news
'ദി കശ്മീര്‍ വാല'ക്ക് വിലക്ക്; വെബ്‌സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി കശ്മീര്‍ വാല വാര്‍ത്താ പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഐ.ടി. ആക്ട് 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ഓഗസ്റ്റ് 19ന് കശ്മീര്‍ വാലയുടെ വെബ്‌സൈറ്റും സമൂഹ്യമാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതെന്ന് സ്ഥാപനം അറിയിച്ചു.
വാര്‍ത്താ പോര്‍ട്ടലിന്റെ വെബ്സൈറ്റും സമൂഹ മാധ്യമ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി കാശ്മീര്‍ വാലയുടെ ഇടക്കാല എഡിറ്റര്‍ യഷ്‌രാജ് ശര്‍മ ഞായറാഴ്ച ട്വീറ്റ് ചെയ്തു.
‘എന്തുകൊണ്ടാണ് കശ്മീര്‍ വാലയുടെ പ്രവര്‍ത്തനത്തിന് തടസം നേരിട്ടതെന്ന് സെര്‍വര്‍ പ്രൊവൈഡറുമായി ബന്ധപ്പെട്ടപ്പോള്‍, 2000 ലെ ഐ.ടി ആക്ട് പ്രകാരം ഇന്ത്യയില്‍ ഞങ്ങളുടെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതായാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചത്,’ അദ്ദേഹം പറഞ്ഞു.
അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുള്ള കാശ്മീര്‍ വാലയുടെ ഫേസ്ബുക്ക് പേജ് നീക്കം ചെയ്തതായും അതിന്റെ എക്സ് (ട്വിറ്റര്‍) അക്കൗണ്ട് തടഞ്ഞുവെച്ചതായും കശ്മീര്‍ വാല പുറത്ത് വിട്ട പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.
‘2011 മുതല്‍ അധികാരികളുടെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സമ്മര്‍ദത്തെ അഭിമുഖീകരിച്ച് ഈ പ്രദേശത്തിന്റെ സ്വതന്ത്രവും വിശ്വസനീയവും ധീരവുമായ ശബ്ദമായി നിലകൊള്ളാന്‍ കശ്മീര്‍ വാല ശ്രമിച്ചു.
കഴിഞ്ഞ 18 മാസമായി, ഞങ്ങളുടെ സ്ഥാപക എഡിറ്റര്‍ ഫഹദ് ഷാ ജയിലിലാണ്. അധികാരികള്‍ റിപ്പോര്‍ട്ടര്‍മാരെയും ജീവനക്കാരെയും ഉപദ്രവിക്കുകയാണ്. ഞങ്ങള്‍ ഭയാനകമായ ഒരു പേടിസ്വപ്‌നത്തിലൂടെയാണ് ജീവിക്കുന്നത്.
നാല് മാസത്തിനുള്ളില്‍ ഷാ അഞ്ച് തവണയാണ് അറസ്റ്റിലായത്. കര്‍ക്കശമായ നിയമവിരുദ്ധ പ്രവര്‍ത്തന നിയമപ്രകാരമുള്ള മൂന്ന് എഫ്.ഐ.ആറുകളും ഒരു പൊതു സുരക്ഷാ നിയമ പ്രകാരമുള്ള കേസുമാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കശ്മീര്‍ വാലയുടെ കഥ ഈ മേഖലയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഉയര്‍ച്ചയുടെയും തകര്‍ച്ചയുടെയും കഥയാണ്. കഴിഞ്ഞ 18 മാസമായി, ഞങ്ങളുടെ വായനക്കാരൊഴികെ മറ്റെല്ലാം ഞങ്ങള്‍ക്ക് നഷ്ടമായി. ദശലക്ഷക്കണക്കിന് ആളുകള്‍ 12 വര്‍ഷമായി ഞങ്ങളെ ആവേശത്തോടെ വായിച്ചതില്‍ കശ്മീര്‍ വാലക്ക് നന്ദിയുണ്ട്,’ പ്രസ്താവനയില്‍ പറയുന്നു.
പുല്‍വാമ വെടിവെപ്പിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ഫഹദ് ഷായെ അറസ്റ്റ് ചെയ്തത്. തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നു, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, അക്രമത്തിന് പ്രേരിപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രെയ്‌നി റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച സജാദ് ഗുല്‍ പൊതുസുരക്ഷാ നിയമപ്രകാരം ഉത്തര്‍പ്രദേശിലെ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ശ്രീനഗറില്‍ തങ്ങളുടെ ബന്ധു വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന ഒരു കുടുംബത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് മറ്റൊരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിരുന്നു.
2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ച് എഴുതുന്ന ചുരുക്കം ചില വാര്‍ത്താ പോര്‍ട്ടലുകളില്‍ ഒന്നാണ് കശ്മീര്‍ വാല.
CONTENT HIGHLIGHTS: The Kashmir Walak Ban; Website and social media accounts block center