വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീര്‍ ഫയല്‍സ് ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടോ? വിവേക് അഗ്നിഹോത്രിയും അഭിനേതാക്കളും ചില മാധ്യമങ്ങളും അവകാശപ്പെടുന്നത് പോലെ ചിത്രത്തിലെ അഭിനേതാക്കളായ അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവര്‍ മികച്ച നടനുള്ള ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റില്‍ ഇടപിടിച്ചിട്ടുണ്ടോ? വിവേക് അഗ്നിഹോത്രിയും അഭിനേക്കളും ചില മാധ്യമങ്ങളും പ്രചരിപ്പിച്ച ഈ വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫാക്ട് ചെക്കിങ് മാധ്യമമായ ആള്‍ട്ട് ന്യൂസ്. ഔദ്യോഗിക വെബ്‌സൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് ആള്‍ട്ട് ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കാം.
തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള റിമൈന്‍ഡര്‍ ലിസ്റ്റിലേക്ക് യോഗ്യത നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് കഴിഞ്ഞദിവസം അക്കാഡമി ഓഫ് മോഷന്‍ പിച്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സാണ് പുറത്ത് വിട്ടത്. 301 സിനിമകള്‍ ഉള്‍പ്പെട്ട ഈ ലിസ്റ്റില്‍ ഇന്ത്യന്‍ സിനിമകളായ ആര്‍. ആര്‍. ആര്‍, കാന്താര, കശ്മീര്‍ ഫയല്‍സ്, ഗംഗുഭായ് കത്തിയവാഡി, മെ വസന്തറാവു, തുജ്യ സാത്ത് കഹി ഹി, റോക്കട്രി ദി നമ്പി എഫ്ക്ട്, ദി ലാസ്റ്റ് ഫിലിം ഷോ, വിക്രാന്ത് റോണ, ഇരവിന്‍ നിഴല്‍ എന്നീ ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
ലിസ്റ്റ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വിറ്ററില്‍ തന്റെ സിനിമ ഓസ്‌കാര്‍ 2023 ആദ്യ പട്ടികയില്‍ ഷോട്ട്ലിസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു. പട്ടികയില്‍ ഇടം നേടിയ 5 ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ് കശ്മീര്‍ ഫയല്‍സ് എന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നുള്ള ട്വീറ്റില്‍, അഭിനേതാക്കളായ പല്ലവി ജോഷി, മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍ എന്നിവരും മികച്ച നടനുള്ള വിഭാഗത്തില്‍ ഷോട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ദ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രവും താനും 2023ലെ ഓസ്‌കാര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം നേടിയതായി നടന്‍ അനുപം ഖേറും ട്വീറ്റ് ചെയ്തിരുന്നു. ഈ ഒരു ചെറിയ ലിസ്റ്റ് പോലും തങ്ങള്‍ക്ക് വലിയ വിജയമാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌കാറില്‍ മികച്ച നടനുള്ള വിഭാഗത്തില്‍ ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കശ്മീര്‍ ഫയല്‍സില്‍ അഭിനയിച്ച നടന്‍ ദര്‍ശന്‍ കുമാര്‍ ട്വീറ്റ് ചെയ്തത്.
പിന്നാലെ വിവിധ മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. കശ്മീര്‍ ഫയല്‍സ് ഓസ്‌കാര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയത് വിമര്‍ശകര്‍ക്കുള്ള മറുപടിയാണിത് എന്ന് പറഞ്ഞുകൊണ്ട് മിഥുന്‍ ചക്രബര്‍ത്തി മൗനം വെടിഞ്ഞ് സംസാരിക്കുന്നു എന്ന രീതിയിലാണ് ദി എക്കണോമിക് ടൈംസില്‍ വാര്‍ത്ത വന്നത്. കശ്മീര്‍ഫയല്‍സിനെ വൃത്തിക്കെട്ടതെന്നും പ്രൊപ്പഗാണ്ടയുള്ളതാണെന്നും പറഞ്ഞ ജൂറിക്ക് ഇതിലൂടെ മറുപടി കിട്ടിക്കാണും. ജനങ്ങള്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു എന്നതിന്റെ മറുപടിയാണിത്, എന്നായിരുന്നു എക്കണോമിക് ടൈംസിന്റെ തലക്കെട്ട്.
റിപ്പബ്ലിക് ടി.വിയും ഇതേകാര്യം റിപ്പോര്‍ട്ട് ചെയ്തു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 2023-ലെ ഓസ്‌കാറുകള്‍ക്കുള്ള ഔദ്യോഗിക എന്‍ട്രികളായി ഇന്ത്യയില്‍ നിന്ന് ഷോട്ട്ലിസ്റ്റ് ചെയ്ത അഞ്ച് ചിത്രങ്ങളില്‍ ഒന്നാണ് ദി കാശ്മീര്‍ ഫയല്‍സ്. 44 പേജുകളുള്ള പട്ടികയാണ് അക്കാദമി പുറത്ത് വിട്ടത് എന്ന് പറയുന്നുണ്ടെങ്കിലും വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ് തന്നെയാണ് റിപ്പബ്ലിക്കും വാര്‍ത്തക്ക് ആധാരമായി ഉദ്ധരിച്ചത്. കൂടാതെ, സിനിമയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരിഗണിക്കുന്ന സിനിമയാണെന്ന് ആരോപിച്ച ലോബിക്കേറ്റ തിരിച്ചടിയാണെന്നും റിപ്പബ്ലിക് പറയുന്നുണ്ട്.
ഇന്ത്യ ടുഡേ, ടൈംസ് നൗ, മിറര്‍ നൗ, സീ ന്യൂസ്, ഓള്‍ ഇന്ത്യ റേഡിയോ ന്യൂസ്, മോജോ സ്റ്റോറി തുടങ്ങി നിരവധി മാധ്യമങ്ങള്‍ വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം കശ്മീര്‍ ഫയല്‍സ് ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, ദി അക്കാഡമി ഓഫ് മോഷന്‍ പിച്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് (AMPAS) പുറത്തിറക്കിയ ലിസ്റ്റിന്റെ തലക്കെട്ടാണ്. 95-ാമത് അക്കാദമി അവാര്‍ഡിന് അര്‍ഹതയുള്ള സിനിമകളുടെ റിമൈന്‍ഡര്‍ ലിസ്റ്റ് എന്നാണ് അവരുടെ ടൈറ്റില്‍. 44 പേജുകളുള്ള പട്ടികയില്‍ ‘ഷോര്‍ട്ട്ലിസ്റ്റ്’ എന്ന വാക്ക് എവിടെയും പരാമര്‍ശിച്ചിട്ടില്ല. റിമൈന്‍ഡര്‍ ലിസ്റ്റ് എന്ന് മാത്രമാണ് പറയുന്നത്.
രണ്ടാമതായിട്ടുള്ള കാര്യം, 2022 ഡിസംബര്‍ 21-ന് 95-ാമത് ഓസ്‌കാര്‍ ഷോര്‍ട്ട്ലിസ്റ്റുകള്‍ 10 വിഭാഗങ്ങള്‍ക്കായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം, അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം, മേക്കപ്പ് ആന്റ് ഹെയര്‍ സ്‌റ്റൈലിങ്, മ്യൂസിക് ,ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം
ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം, സൗണ്ട്, വിഷ്വല്‍ ഇഫക്റ്റ് എന്നിവയാണ് ഇവ.
ഇതിനകം പ്രസിദ്ധീകരിച്ച ഷോര്‍ട്ട്ലിസ്റ്റ് അനുസരിച്ച്, ഓരോ വിഭാഗത്തിനും 15 എന്‍ട്രികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. വിഷ്വല്‍ എഫക്ട്, സൗണ്ട്, മേക്കപ്പ് എന്നിവയില്‍ പത്ത് സിനിമകളും തെരഞ്ഞെടുത്തു കഴിഞ്ഞു.
ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചു കൊണ്ട് ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്കിങ് യൂനിറ്റ് കണ്ടെത്തിയിരിക്കുന്നത് 10 വിഭാഗങ്ങള്‍ക്കായുള്ള ഷോര്‍ട്ട്ലിസ്റ്റുകളില്‍ ഒന്നിലും കശ്മീര്‍ ഫയല്‍സ് ഇടം നേടിയിട്ടില്ല എന്നതാണ്. മാത്രമല്ല, മികച്ച നടന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ ഒന്നും തന്നെ ഇപ്പോള്‍ പുറത്ത് വിട്ട ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനാല്‍, ദ കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹേത്രിയും അഭിനേതാക്കളും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണ്. കൂടാതെ കാന്താര എന്ന സിനിമയെ കുറിച്ചും മറ്റ് മാധ്യമങ്ങള്‍ നടത്തിയ അവകാശവാദങ്ങളും തെറ്റാണ്. ഈ ചിത്രവും ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം പിടിച്ചിട്ടില്ല.
ഇന്ത്യന്‍ എന്‍ട്രികളില്‍, ഗുജറാത്തി ചലച്ചിത്രമായ ഛല്ലോ ഷോ (ദി ലാസ്റ്റ് ഷോ) അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ്. എസ്എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറിലെ ‘നാട്ടു നാട്ടു’ എന്ന ട്രാക്ക് മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലും ഓള്‍ ദാറ്റ് ബ്രീത്ത്‌സ്, ദ എലിഫന്റ് വിസ്പറേഴ്സ് എന്നീ രണ്ട് ഇന്ത്യന്‍ ചിത്രങ്ങളും യഥാക്രമം ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്. (ഇത് അവിടെ നില്‍ക്കട്ടെ)
ഇനി എന്താണ് റിമൈന്‍ഡ് ലിസ്റ്റെന്നും ഷോട്ട് ലിസ്റ്റെന്നും ഒന്ന് നോക്കാം.
ആള്‍ട്ട് ന്യൂസ് അയച്ച മെയിലിന് മറുപടിയായി, മെമ്പര്‍ റിലേഷന്‍സ്, ഗ്ലോബല്‍ ഔട്ട്‌റീച്ച് ആന്‍ഡ് അവാര്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ മൈക്കല്‍ ബെനഡിക്റ്റ് പറയുന്നത്, റിമൈന്‍ഡര്‍ ലിസ്റ്റ് എന്നാല്‍ ജനറല്‍ എന്‍ട്രിക്ക് യോഗ്യത നേടിയ എല്ലാ ചിത്രങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ഒരു ലിസ്റ്റ് മാത്രമാണെന്നാണ്.
എന്നാല്‍ നിര്‍ദ്ദിഷ്ട വിഭാഗങ്ങളില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറിയ ചിത്രങ്ങളുടെ ഒരു പട്ടികയാണ് ഷോര്‍ട്ട്ലിസ്റ്റ്. ആകെ 24 വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. റിമൈന്‍ഡര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ ചിത്രങ്ങളും ഷോട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തില്ല.
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ അസീം ഛബ്ര ആള്‍ട്ട് ന്യൂസിനോട് പറയുന്നത്, റിമൈന്‍ഡര്‍ ലിസ്റ്റ് ഷോര്‍ട്ട്ലിസ്റ്റിന് തുല്യമല്ലെന്നും ഓസ്‌കാറിന് മത്സരിക്കുന്നതിനായുള്ള യോഗ്യത മാനദണ്ഡങ്ങള്‍ പാലിച്ച എല്ലാ ചിത്രങ്ങളുടെയും പട്ടികയാണ് റിമൈന്‍ഡര്‍ ലിസ്റ്റ് എന്നുമാണ്. അതായത് വിവേക് അഗ്നിഹോത്രി പറയുന്നത് പോലെ കശ്മീര്‍ ഫയല്‍സ് ഓസ്‌കാര്‍ ഷോട്ട് ലിസ്റ്റില്‍ അല്ല ഉള്‍പ്പെട്ടിരിക്കുന്നത്. റിമൈന്‍ഡര്‍ ലിസ്റ്റില്‍ മാത്രമാണ്. 301 സിനിമകളാണ് ഇത്തവണ യോഗ്യതാ മാനദണ്ഡം പാലിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും പിന്തുടരുന്ന പ്രോട്ടോക്കോള്‍ ഇതാണ്. യു.എസില്‍ റിലീസ് ചെയ്ത കാശ്മീര്‍ ഫയല്‍സ്, ഗംഗുഭായ് കത്യവാടി തുടങ്ങി നിരവധി ഇന്ത്യന്‍ സിനിമകള്‍ റിമൈന്‍ഡര്‍ ലിസ്റ്റില്‍ യോഗ്യത നേടിയിട്ടുണ്ട്. സിനിമയുടെ നിലവാരത്തെ ആശ്രയിച്ചിട്ടല്ല റിമൈന്‍ഡര്‍ ലിസ്റ്റ് തയ്യാറാക്കുന്നത്.
അതുകൊണ്ട് തന്നെ റിമൈന്‍ഡ് ലിസ്റ്റിനെ ഒരിക്കലും ഷോട്ട് ലിസ്റ്റ് എന്ന് പറയാന്‍ പാടില്ല. യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ ചിത്രങ്ങളും റിമൈന്‍ഡ് ലിസ്റ്റില്‍ ഇടം നേടും.
ഏത് സിനിമയാണ് നോമിനേറ്റ് അല്ലെങ്കില്‍ ഷോട്ട്ലിസ്റ്റ് ചെയ്യപ്പെടേണ്ടതെന്ന് സിനിമ കാണുന്ന അക്കാദമി അംഗങ്ങളാണ് തീരുമാനിക്കുക. അതുകൊണ്ട് തന്നെ വിവേക് അഗ്‌നിഹോത്രി, അനുപം ഖേര്‍ തുടങ്ങിയവരുടെ ട്വീറ്റുകളും കശ്മീര്‍ ഫയല്‍സ് ‘ഷോട്ട്ലിസ്റ്റ്’ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണ്.
മാത്രമല്ല, മികച്ച നടനുള്ള അവാര്‍ഡിനായി ചില അഭിനേതാക്കളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന സിനിമാ സംഘത്തിന്റെ അവകാശവാദങ്ങളും ശരിയല്ല, കാരണം മികച്ച നടനുള്ള അവാര്‍ഡിന് ഷോട്ട്ലിസ്റ്റ് ഇല്ല. തെറ്റായൊരു കാര്യം പറഞ്ഞുകൊണ്ട് വിവേക് അഗ്നിഹോത്രിയും മാധ്യമങ്ങളും മാനിപ്പുലേറ്റ് ചെയ്യുകയായിരുന്നു. 95-ാമത് അക്കാദമി അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകള്‍ 2023 ജനുവരി 24 ചൊവ്വാഴ്ചയാണ് പ്രഖ്യാപിക്കുക.
content highlight: The Kashmir Files has not been shortlisted for Oscars 2023