ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍
national news
ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th March 2022, 1:12 pm

ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിന്റെ താമസസ്ഥലത്തും യാത്രകളിലും സി.ആര്‍.പി.എഫ് സുരക്ഷയൊരുക്കും.

പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.

ചിത്രത്തോടനുബന്ധിച്ച് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത് കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു. കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് പറയുന്നത്.


Content Highlight: The Kashmir files director Vivek Agnihotri to be given Y category security