ഭോപ്പാല്‍: മധ്യപ്രദേശില്‍ ‘വംശഹത്യ മ്യൂസിയം’ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. മധ്യപ്രദേശില്‍ വംശഹത്യ മ്യൂസിയം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വാക്ക് നല്‍കിയിരുന്നു.
കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ വേദനയും കഷ്ടപ്പാടുകളുമാണ് സിനിമ കാണിക്കുന്നതെന്നും മധ്യപ്രദേശില്‍ ‘വംശഹത്യ മ്യൂസിയം’ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചൗഹാന്‍ വെള്ളിയാഴ്ച അഗ്‌നിഹോത്രിയോട് പറഞ്ഞിരുന്നു.
എന്നാല്‍, ഭോപ്പാലില്‍ ഒരു വംശഹത്യ മ്യൂസിയം സ്ഥാപിക്കുന്നതിന് താന്‍ തികച്ചും എതിരാണെന്നും ഭോപ്പാലിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സിംഗ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉയര്‍ന്നുവരുന്നതിനിടെയാണ് ശിവരാജ് ചൗഹാന്‍ മ്യൂസിയം പണിയാമെന്ന വാഗ്ദാനം അഗ്നിഹോത്രിക്ക് നല്‍കിയത്.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.