| Thursday, 24th March 2022, 10:40 am

മുസ്‌ലിങ്ങള്‍ക്ക് ക്ഷേത്ര ഉത്സവങ്ങളില്‍ കച്ചവടം ചെയ്യാന്‍ വിലക്ക്; നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസെന്ന് ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അഹിന്ദുക്കള്‍ക്ക് ക്ഷേത്ര സ്വത്ത് പാട്ടത്തിന് നല്‍കരുതെന്ന നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് കര്‍ണാടക സര്‍ക്കാര്‍. മുസ്‌ലിം കച്ചവടക്കാരെ കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ നടക്കുന്ന ഹിന്ദു ഉത്സവ സ്ഥലങ്ങളില്‍ നിന്നും വിലക്കിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പരാമര്‍ശം.

കര്‍ണാടകയിലെ ഹിന്ദു ഉത്സവസ്ഥലങ്ങളില്‍ നിന്നും മുസ്‌ലിം കച്ചവടക്കാരെ ക്ഷേത്ര ട്രസ്റ്റ് വിലക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുമെന്ന് ഒരു കോണ്‍ഗ്രസ് എം.എല്‍.എ നിയമസഭയില്‍ പറഞ്ഞിരുന്നു.

‘മുസ്‌ലിങ്ങളും ഹിന്ദുക്കളും സഹവര്‍ത്തിത്വത്തില്‍ ജീവിച്ചതിന്റേയും ഉത്സവങ്ങള്‍ ഒരുമിച്ച് ആഘോഷിച്ചതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ തീരദേശ ജില്ലയുടെ ചരിത്രത്തിലുണ്ട്. എന്നാല്‍ ചില ഭീരുക്കള്‍ മുസ്‌ലിങ്ങളെ വിലക്കി ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നു. ഇത് ഒരു മോശം മാതൃകയാണ് സൃഷ്ടിക്കുന്നത്. പക്ഷേ, ഭാഗ്യവശാല്‍, ചില സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ ഇത്തരം നടപടികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

ഇതിനു മറുപടിയായി നിരോധനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി ജെ. സി. മധുസ്വാമി പറഞ്ഞു. ”2002ലെ കര്‍ണാടക ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റുകളുടെയും നിയമത്തിലെ റൂള്‍ 12 പറയുന്നത്, ക്ഷേത്രത്തിന് സമീപമുള്ള സ്ഥലമോ കെട്ടിടമോ സ്ഥലമോ ഉള്‍പ്പെടെയുള്ള ഒരു വസ്തുവും അഹിന്ദുക്കള്‍ക്ക് പാട്ടത്തിന് നല്‍കില്ല എന്നാണ്. ഈ നിയമങ്ങള്‍ ഉദ്ധരിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്, ”മധുസ്വാമി പറഞ്ഞു.

ഇത്തരം നിരോധനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അങ്ങനെയുള്ള ബോര്‍ഡുകള്‍ കണ്ടാല്‍ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വിഷയത്തില്‍ ലോക്കല്‍ പോലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ക്രമസമാധാന നില സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം സഭയെ അറിയിച്ചു.

ബെംഗളൂരുവിലെ ഉപ്പാര്‍പേട്ടയിലെ ചില മുസ്‌ലിം കച്ചവടക്കാരെ കടകള്‍ അടപ്പിക്കാന്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചിരുന്നു. റൂറല്‍ നെലമംഗല ജില്ലയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന വാര്‍ഷിക ഉത്സവത്തില്‍ മുസ്‌ലിം കച്ചവടക്കാരെ നിരോധിക്കാന്‍ ബസവേശ്വര ക്ഷേത്ര മാനേജ്മെന്റിന് തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും സമ്മര്‍ദം നേരിടേണ്ടി വന്നു എന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് ചിലര്‍ തങ്ങളുടെ അടുത്ത് വന്ന് വാര്‍ഷിക ഉത്സവത്തില്‍ മുസ്‌ലിങ്ങളെ കച്ചവടം ചെയ്യുന്നത് വിലക്കണമെന്ന് ശഠിച്ചെന്നും എന്നാല്‍ തങ്ങള്‍ അവരെ തിരിച്ചയച്ചെന്നും ക്ഷേത്ര കമ്മിറ്റി അംഗം ജഗദീഷ് പറഞ്ഞു.

ചിത്രം കടപ്പാട്: സീ ന്യൂസ്‌

Content Highlight: The Karnataka government has said that it was the government that brought in the law not to lease temple property to non-Hindus

Latest Stories

We use cookies to give you the best possible experience. Learn more