നിയമപരമായി ഒരാള്‍ക്ക് കൈവശം സൂക്ഷിക്കാന്‍ കഴിയുന്നതിനേക്കാള്‍ മദ്യം വിറ്റതിന് കര്‍ണാടക എക്‌സൈസ് വകുപ്പ് മദ്യവില്‍പ്പനശാല ഉടമയ്‌ക്കെതിരെ കേസെടുത്തു. 52841 രൂപയുടെ മദ്യമാണ് ഒരാള്‍ക്ക് മാത്രം വിറ്റത്. ഈ വില്‍പ്പനയുടെ ബില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് കേസെടുത്തത്.
ബെംഗളൂരുവിലെ വാനില സ്പിരിറ്റ് സോണ്‍ മദ്യശാലയുടെ ഉടമ എസ്. വെങ്കടേഷിനെതിരെയാണ് കേസെടുത്തത്. 17.4 ലിറ്റര്‍ വിദേശ മദ്യവും 35.1 ലിറ്റര്‍ ബിയറുമാണ് വിറ്റത്. വിദേശ മദ്യം 2.3 ലിറ്ററും ബിയര്‍ 18.2 ലിറ്ററുമാണ് നിയമപരമായി ഒരാള്‍ക്ക് സൂക്ഷിക്കാനാവുകയെന്ന് ബെംഗളൂരു സൗത്ത് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. ഗിരി പറഞ്ഞു.
അതേ സമയം എട്ട് പേര്‍ ചേര്‍ന്നാണ് മദ്യം വാങ്ങിയതെന്നും ഒരു കാര്‍ഡ് വച്ച് സൈ്വപ്പ് ചെയ്തതിനാലാണ് ഒറ്റ ബില്ലായി വന്നതെന്ന് മദ്യവില്‍പ്പന ശാല ഉടമ പറഞ്ഞു. മദ്യം വാങ്ങിയ ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.