കണ്ണൂര്‍: ട്രെയിന്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ട്രാക്കില്‍ കിടന്ന പവിത്രന് പിഴ ചുമത്തി റെയില്‍വേ കോടതി. ആയിരം രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം.
നേരത്തെ ആര്‍.പി.എഫ് പവിത്രനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
കണ്ണൂര്‍ കുന്നാവ് സ്വദേശിയാണ് പവിത്രന്‍. ട്രെയിന്‍ പോയികൊണ്ടിരിക്കെ ട്രാക്കില്‍ കിടക്കുന്ന പവിത്രന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ 23ന് വൈകീട്ടാണ് സംഭവം നടന്നത്.
ഫോണ്‍ വിളിച്ച് പവിത്രന്‍ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ സമീപത്തെത്തിയപ്പോഴാണ് ട്രാക്കിലൂടെ ട്രെയിന്‍ വരുന്ന വിവരം പവിത്രന്‍ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ട്രാക്കില്‍ കമഴ്ന്ന് കിടക്കുകയും ട്രെയിന്‍ പോയ ശേഷം പവിത്രന്‍ എഴുന്നേറ്റ് പോകുകയുമായിരുന്നു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിനടിയിലാണ് പവിത്രന്‍ കിടന്നത്.
സ്‌കൂള്‍ വാഹനത്തിലെ ക്ലീനറായാണ് പവിത്രന്‍ ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് താന്‍ മദ്യപിച്ചിരുന്നില്ലെന്ന് പവിത്രന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ പെട്ടന്ന് ഓടി രക്ഷപെടാന്‍ കഴിഞ്ഞില്ലെന്നും പവിത്രന്‍ പ്രതികരിച്ചിരുന്നു.
Content Highlight: The Kannur resident who was lying on the track after seeing the train was fined by the court