ബെംഗളൂരു: കൊഴുപ്പു നീക്കം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നഡ നടി മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് കന്നഡ സീരിയല്‍ നടിയും മോഡലുമായ ചേതന രാജ്(21) മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ചേതനയുടെ കുടുംബം ആരോപിക്കുന്നു.
നടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് രാജാജിനഗറിലെ കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മെയ് 16നാണ് പ്ലാസ്റ്റിക് സര്‍ജറിക്കായി ചേതന രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രാവകം നിറഞ്ഞിരുന്നു. തിങ്കളാഴ്ച ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്ലാസ്റ്റിക് സര്‍ജറിക്ക് മുമ്പ് ആശുപത്രി അധികൃതര്‍ തങ്ങളുടെ സമ്മതം വാങ്ങിയില്ലെന്നും മതിയായ സൗകര്യങ്ങളില്ലാത്ത ഐ.സി.യുവിലാണ് നടപടിക്രമങ്ങള്‍ നടത്തിയതെന്നും അവര്‍ ആരോപിച്ചു.
‘യാതൊരു മുന്‍കരുതലുകളുമില്ലാതെയാണ് തങ്ങള്‍ ഈ ശസ്ത്രക്രിയ നടത്തിയത്. കൊഴുപ്പ് നീക്കുന്നത് അത്യാവശമാണെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കൂ. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സമ്മതപത്രത്തില്‍ ഒപ്പിട്ടത് അവളുടെ സുഹൃത്തായിരുന്നു,’ ചേതനയുടെ അച്ഛന്‍ വരദരാജു പറഞ്ഞു.
പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചേതനയെ കാഡെ ആശുപത്രിയില്‍ കൊണ്ടുവന്ന് ഹൃദയസ്തംഭനമുണ്ടായ ആളാണെന്നും പരിശോധിക്കണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
കാഡെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. ബസവേശ്വരനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഐ.സി.യു തീവ്രപരിചരണ വിദഗ്ദ്ധ ഡോ.സന്ദീപ്, ചേതനയെ വൈകിട്ട് 6.45ന് മരിച്ചതായി അറിയിച്ചിരുന്നു. ഷെട്ടിയുടെ കോസ്മെറ്റിക് സെന്ററിലെ ഡോക്ടര്‍മാര്‍ക്ക് ചേതന നേരത്തെ തന്നെ മരിച്ചതായി അറിയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: The Kannada actress chethana raj died after undergoing plastic surgery to remove fat