Exclusive : വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ ഇതേ കേസ് കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി, ഹാരിസണ്‍ ഭൂമി കേസുകളും അട്ടിമറിക്കപ്പെടുന്നു
Kerala
Exclusive : വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ ഇതേ കേസ് കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി, ഹാരിസണ്‍ ഭൂമി കേസുകളും അട്ടിമറിക്കപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2012, 12:13 pm

ഹരീഷ് വാസുദേവന്‍

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം നിയമവിരുദ്ധമായി സൂക്ഷിക്കുന്ന 25,630 ഏക്കര്‍ ഭൂമി സംബന്ധമായ എല്ലാ കേസുകളും ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് അതേ കേസില്‍ ഹാരിസണ്‍ കമ്പനിക്കു വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ വ്യക്തി തന്നെ. കമ്പനി 1996 മുതല്‍ വിവിധ കേസുകളില്‍ ഹാജരാക്കിയ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 നമ്പര്‍ ആധാരം എന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ആധാരം  ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മില്‍ നടക്കുന്ന കേസുകളില്‍ അടിസ്ഥാന രേഖയാണ്. എന്നാല്‍ കമ്പനി ഹാജരാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ ആധാരം വ്യാജമാണെന്ന തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചു.

കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കുന്ന ഒറിജിനല്‍ ആധാരത്തിന്റെ അസ്സല്‍ പകര്‍പ്പ്  മലയാളത്തില്‍ ഉള്ളതാണ്. 1996 ല്‍ കമ്പനിക്കു വേണ്ടി വ്യാജ ഇംഗ്ലീഷ് ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ അന്നത്തെ കൊച്ചി നോട്ടറി പയസ് കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ്. അദ്ദേഹം ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിന്മേലും വാദം കേള്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ ജസ്റ്റിസ്.വി. ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചില്‍ വാദം നടന്ന ഈ കേസുകള്‍ ഇന്നലെ ജസ്റ്റിസ്.പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് പൊടുന്നനെ മാറ്റുകയായിരുന്നു.

കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി കയ്യേറി, കോടതിയില്‍ ഹാജരാക്കിയത് വ്യാജ ആധാരമാണ് എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ വാദം സര്‍ക്കാര്‍ വക്കീല്‍ അവതരിപ്പിക്കേണ്ടത് അതേ രേഖ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തി നല്‍കിയ പയസ് കുര്യാക്കോസിന് മുന്നിലാണ് എന്നതാണ് ഏറെ രസകരം. സര്‍ക്കാര്‍ തീരുമാന പ്രകാരം അന്വേഷണം നടന്നാല്‍ കേസില്‍ പ്രതിയാകേണ്ടയാള്‍ കേസിന്റെ വാദം കേട്ട് വിധി പറയുന്ന  ഞെട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇത്. നീതിപീഠത്തെ അവഹേളിച്ചു കൊണ്ട് നടക്കുന്ന ഈ നാടകം തെളിവുകള്‍ സഹിതം “ഡൂള്‍ ന്യൂസ്” പുറത്തു കൊണ്ടുവരുന്നു.

ഹാരിസന്റെ അനധികൃത ഭൂമി സംബന്ധിച്ച് അന്വേഷിക്കാന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് ചുമതലപ്പെടുത്തിയ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹാരിസണ്‍ മലയാളം നാളിതുവരെ നടത്തിയ വ്യാജരേഖാ നിര്‍മ്മാണം സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കമ്പനി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ഭൂമികളില്‍ 54,943 ഏക്കര്‍ ഭൂമി മൂന്നു ആധാരങ്ങളില്‍ ആണ്. ഇതില്‍ 25,630 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കമ്പനി ഹാജരാക്കുന്ന രേഖ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1600/1923 നമ്പരായി രജിസ്ടര്‍ ചെയ്തു എന്നവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള  ഒരു ആധാരമാണ്. രജിസ്‌ട്രേഷന്‍ നിയമത്തിലെ ഫയലിംഗ് ചട്ടങ്ങള്‍ പ്രകാരം ഒരു ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതേ ഭാഷയിലുള്ള പകര്‍പ്പുകളാകണം ഫയലിംഗ് കോപ്പികളായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഈ നമ്പരില്‍ ഉള്ള ഒറിജിനല്‍ ആധാരം കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത് മലയാള ഭാഷയില്‍ ഉള്ളതാണ്. കൊല്ലം സബ് രജിസ്ട്രാര്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്ത് ചുവടെ കാണാം.

Document: 1

കമ്പനി ഹാജരാക്കിയ ഇംഗ്ലീഷില്‍ ഉള്ള ആധാരമായിരുന്നു ഒറിജിനല്‍ എങ്കില്‍ അതാകുമായിരുന്നു ഓഫീസില്‍ സൂക്ഷിക്കുക. അതായത് ഇപ്പോള്‍ കമ്പനി ഹാജരാക്കുന്നതല്ല യഥാര്‍ത്ഥ ആധാരം. അതില്‍ നിരവധി തിരുത്തലുകള്‍ വരുത്തി കൂടുതല്‍ ഭൂമി അവകാശപ്പെടുന്നതായും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് കണ്ടെത്തി.

1996 മുതല്‍ വിവിധ കോടതികളില്‍ ഹാരിസണ്‍ കമ്പനി അവരുടെ കയ്യിലുള്ള ഇംഗ്ലീഷ് ആധാരത്തിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുന്നുണ്ട്. എന്നാല്‍ 2007 മാര്‍ച്ച് 20 നു ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ലീഗല്‍ മാനേജരായ എം.വി.എച് മേനോന്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കമ്പനിക്കു കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രസ്തുത ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു.

Document: 2

കമ്പനിയുടെ കയ്യില്‍ അസ്സല്‍ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എത്തിയത്. അതായത് നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കുമ്പോള്‍ ഒറിജിനല്‍ ആധാരം കമ്പനിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കമ്പനി ഹാരജാക്കുന്നത് വ്യാജരേഖയാണെന്ന ഈ കണ്ടെത്തല്‍ ആണ് ഈ കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം. ഒറിജിനല്‍ ഇല്ലാതെ നോട്ടറി സാക്ഷ്യപ്പെടുത്തിയ ഈ കേസ് ഗൗരവമായ അന്വേഷണം നടത്താന്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 2010 ല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് “ഡൂള്‍ ന്യൂസി”ന് ലഭിച്ചു.

Document: 3


ആധാരം സാക്ഷ്യപ്പെടുത്തിയ ആള്‍ ഇന്ന് ഹൈക്കോടതി ജഡ്ജി ; കേസന്വേഷണ ശുപാര്‍ശ അട്ടിമറിക്കപ്പെട്ടു.

എന്തുകൊണ്ടാണ് ഹാരിസണ്‍ മലയാളത്തിന്റെ വ്യാജരേഖാ സാക്ഷ്യപ്പെടുത്തല്‍ കേസുകള്‍ അന്വേഷിക്കണമെന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടത് എന്നാണു പിന്നീട് ഡൂള്‍ ന്യൂസ് അന്വേഷിച്ചത്. ആ അന്വേഷണം ഞങ്ങളെ എത്തിച്ചത് 1996 ല്‍ കമ്പനിക്കു ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ നോട്ടറിയില്‍ ആണ്. പയസ് സി.കുര്യാക്കോസ് എന്ന അന്നത്തെ കൊച്ചിന്‍ താലൂക്ക് നോട്ടറിയാണ് 104 പേജ് വരുന്ന ആധാരത്തിന്റെ കോപ്പി കമ്പനിക്കായി സാക്ഷ്യപ്പെടുത്തിയത്.  ഇതിലെ ആദ്യപേജില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ 25 ഷീറ്റുകള്‍ ആണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പയസ് കുര്യാക്കോസ് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാല്‍ 104 പേജ് വരുന്ന ആധാരത്തിന്റെ മുഴുവന്‍ പേജുകളിലും അദ്ദേഹത്തിന്റെ സീലും ഒപ്പും ഉണ്ട് !!

Document: 4


ഇതില്‍ നൂറ്റി മൂന്നാമത്തെ പേജ് സാക്ഷ്യപ്പെടുത്തുമ്പോള്‍ നോട്ടറിയുടെ ഒപ്പിനു താഴെ തീയതി ഇട്ടിരിക്കുന്നത് വ്യക്തമാണ്. 03-05-1996 തീയതിയിലാണ് പയസ് കുര്യാക്കോസ് 25 പേജുള്ള ഒറിജിനല്‍ കണ്ടു എന്നും പറഞ്ഞ് 104 പേജ് വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത്.

എന്നാല്‍ പയസ് കുര്യാക്കോസ് സാക്ഷ്യപ്പെടുത്തിയ ആ ദിവസത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2006 സപ്തംബര്‍ 18 നാണ് ഒറിജിനല്‍ ആധാരം ലഭിക്കാന്‍ കമ്പനി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് കമ്പനി തന്നെ രണ്ടാമത് നല്‍കിയ കത്തില്‍ നിന്നും വ്യക്തമാണ്. ഒറിജിനലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നാളിതുവരെ അവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇന്നുവരെ കമ്പനിയെ കേസുകളില്‍ തുണച്ച , നിലവിലുള്ള കേസുകളില്‍ കമ്പനിയും സര്‍ക്കാരും ഹാജരാക്കിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ആധാരം വ്യാജമാണെന്നും അതില്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കണ്ടെത്തുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയത് ഇപ്പോള്‍ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ആയ ജസ്റ്റിസ്.പയസ്. സി കുര്യാക്കോസ് ആണെന്നതിനുള്ള തെളിവ് സഹിതം ആ വാര്‍ത്ത ഞങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചിലും മറ്റു വിവിധ ബെഞ്ചുകളിലുമായി നടന്നിരുന്ന ഹാരിസണ്‍ കേസുകളില്‍ ഈ വാര്‍ത്ത സര്‍ക്കാരിനെ സഹായിക്കും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.

Document: 5


ഹാരിസണ്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.

ജസ്റ്റിസ് ചിദംബരേഷ് വിശദമായി വാദം കേട്ട ഹാരിസണ്‍ കേസുകളില്‍ അവസാന വാദം പറയാനിരിക്കെയാണ് കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച ഒരു കത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് ലഭിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ വക്കീലന്മാരായിരുന്ന മേനോന്‍ ആന്‍ഡ് പൈ അസോസിയേറ്റ്‌സ് എന്ന കൊച്ചിയിലെ പ്രമുഖ സ്ഥാപനവുമായി ജസ്റ്റിസ് ചിദംബരേഷിനു ബന്ധമുണ്ടെന്നും അദ്ദേഹം ഈ കേസുകള്‍ കേള്‍ക്കുന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ആയിരുന്നു കത്തിലെ സൂചന. ഇതേ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് ചിദംബരേഷ് സ്വയം പിന്മാറി. പിന്നീടാണ് ഹാരിസനുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഇന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് എ. വി രാമകൃഷ്ണ പിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുന്നത്. ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ 18-ാമത്തെ കേസായി ഈ കേസുകള്‍ പരിഗണിക്കുകയും വാദം കേള്‍ക്കുകയും ചെയ്തു.  അവസാന വാദത്തിനായി കേസ് ജൂലൈ 20 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ അംഗീകരിക്കണോ, കമ്പനിയുടെ ആധാരം വ്യാജമാണോ  എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ഇനി ആ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇക്കാര്യം കോടതിക്ക് മുന്‍പില്‍ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. അവനവന്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട കേസുകള്‍ സ്വന്തം ബെഞ്ചില്‍ നിന്നും മാറ്റുകയും സ്വയം ഒഴിയുകയുമാണ് സാധാരണ ഗതിയില്‍ ജുഡീഷ്യറിയിലെ കീഴ്വഴക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണ് ആ കേസില്‍ ഉള്‍പ്പെട്ട വ്യക്തി തന്നെ ആ കേസില്‍ വിധി പറയാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്ന് ജഡ്ജി സമ്മതിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ഇതോടെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. അതോടെ പൊതു സമൂഹത്തിനുള്ള നീതി ഹൈക്കോടതിയുടെ തട്ടിന്‍പുറത്തും ആകും.

അന്‍പതിനായിരം ഏക്കര്‍ സ്ഥലമാണ് വിവിധ ജില്ലകളിലായി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ കോടതിയിലും പരാജയപ്പെടുന്ന മട്ടാണ്.