സിവിക് കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
Kerala News
സിവിക് കേസില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th August 2022, 12:11 am

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്റെ കേസില്‍ വിവാദ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് ജഡ്ജിയായിരുന്ന എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോര്‍ട്ട് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. മുരളീകൃഷ്ണന്‍ എസാണ് കോഴിക്കോട് സെഷന്‍സ് കോടതിയിലെ പുതിയ ജഡ്ജി.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു കോടതിയുടെ വിവാദ
പരാര്‍മര്‍ശം. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

പരാമര്‍ശങ്ങള്‍ ഇരയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സെഷന്‍സ് കോടതിയുടെ നിരീക്ഷണം യുക്തിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വസ്തുതകള്‍ പരിഗണിക്കാതെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് വിവാദപരാമര്‍ശമുള്ളത്.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി പറയുന്നത്.